
തിരുവനന്തപുരം: റോഡിന് നടുക്ക് ഉയർന്നുനിൽക്കുന്ന മാൻഹോളുകൾ അപകട ഭീഷണി ഉയർത്തുന്നു. സ്മാർട്ട് സിറ്റിയുടെ ഭാഗമായി വഞ്ചിയൂർ ചെട്ടിക്കുളങ്ങരയിൽ നിന്ന് മഹാത്മ വായനശാല വഴി ഉപ്പിടാംമൂട് പാലം വരെയുള്ള റോഡിലാണ് ഈ മാൻഹോൾ കെണി. ഇവിടെ റോഡിന് നടുക്കായി സ്ഥാപിച്ചിട്ടുള്ള മാൻഹോളുകളുടെ മൂടികൾ റോഡ് നിരപ്പിൽ നിന്നും ഉയർന്നാണ് നിൽക്കുന്നത്.
ഇരുചക്ര വാഹനയാത്രക്കാർ ഈ മാൻഹോളിന് മുകളിൽ കയറിയാൽ അപകടം ഉറപ്പ്. പെട്ടന്ന് വെട്ടിച്ച് മാറ്റിയാലോ അപ്പോഴും അപകടമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. റോഡിന് വശത്തായി ചില ഭാഗങ്ങൾ ഒഴിച്ചാൽ ഇനിയും പല ഭാഗത്തും ഓട നിർമ്മാണം നടന്നിട്ടില്ല. ഇനി ബാക്കി ഭാഗത്തേക്ക് സ്ഥാപിക്കാനുള്ള സ്ലാബുകൾ ചെട്ടിക്കുളങ്ങര അമ്പലത്തിന് മുന്നിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇടുങ്ങിയ റോഡായതിനാൽ ഇരുവശത്തുനിന്നും വാഹനങ്ങൾ വന്നാൽ കാൽനട യാത്രക്കാർക്ക് ഒതുങ്ങി നിൽക്കാൻപോലും ഇടമില്ല.
ടാറിംഗ് ഉടൻ വേണം
റോഡിന് ചുറ്റിലുമുള്ള ഋഷിംഗലം, കുന്നുംപുറം,ശ്രീകണ്ഠേശ്വരം,പാസ്പ്പോർട്ട് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ എസ്.എൽ തിയേറ്റർ വഴി ഓവർബ്രിഡ്ജിലേക്കെത്തിയാണ് കിഴക്കേകോട്ടയിലേക്കും തമ്പാനൂരിലേക്കും പോകുന്നത്. എന്നാൽ ഒരു കിലോമീറ്ററിലധികം ദൂരത്തിൽ റോഡിന് മദ്ധ്യത്തായി കേബിൾ,ഡ്രെയിനേജ് പാസേജുകൾക്കായി എടുത്ത കുഴികൾ മൂടിയെങ്കിലും റോഡ് ടാറിംഗ് നടത്തിയിട്ടില്ല. ഈ ദൂരമത്രയും മീറ്ററുകളുടെ വ്യത്യാസത്തിൽ ഉയർന്നു നിൽക്കുന്ന മാൻഹോളുകൾ വാഹനയാത്രക്കാർക്ക് ഭീഷണിയാണ്.
നിർമ്മാണം നീളെ നീളെ...
രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് ലൈറ്റുകൾ കത്താത്തതും അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. ഇരുട്ടായതിനാൽ റോഡിൽ ഉയർന്നുനിൽക്കുന്ന മാൻഹോളുകൾ കണ്ണിൽപ്പെടാതെ ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടാറുണ്ട്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തുന്ന നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടങ്ങിയ റോഡ് പണി അടുത്ത പൊങ്കാല എത്താറായിട്ടും പൂർത്തിയായിട്ടില്ലെന്നും ആക്ഷേപമുണ്ട്.