hi

കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഹാദേശ്വരം കവലയിൽ നിന്ന് ടൗൺ പള്ളിയിലേക്കുള്ള റോഡിൽ മഹാദേവശ്വരം തോടിന് കുറേകേയുള്ള പാലം ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലായിട്ടും അധികൃതർക്ക് അനക്കമില്ല.

ടൗണിനോട് ചേർന്ന് ഒട്ടേറെ ജനങ്ങൾ പാർക്കുന്ന ഇടങ്ങളിൽ നിന്ന് ടൗണിനെ ബന്ധിപ്പിക്കുന്നതാണ് മഹാദേവേശ്വരത്തെ ഈ പാലം.

പാലത്തിനനുബന്ധമായുള്ള റോഡും തകർന്ന് തരിപ്പണമായി കിടക്കുകയാണ്.കുഴികളാല്ലാതെ മറ്റൊന്നുമില്ലാത്ത റോഡ് മഴപെയ്താൽ കുളമാണ്.സംസ്ഥാന പാതയിൽ മുക്കു റോഡിനും, മഹാദേവേശ്വരത്തിനും ഇടയിലും, മുക്കു റോഡ്- മാർക്കറ്റ് റോഡിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനുമിടയിൽ എന്തെങ്കിലും ഗതാഗത തടസ്സമുണ്ടായാൽ വാഹനം തിരിച്ചു വിടാനുള്ള ഏക റോഡിലാണ് പാലമുള്ളത്.മാർക്കറ്റ് റോഡിലെ കൊച്ചു പാലം മൂന്ന് വർഷം മുൻപ് പൊളിച്ചു പണിതപ്പോൾ ഹെവി വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വണ്ടികളും വഴി തിരിച്ചുവിട്ടത് ഈ പാലം നിലനിൽക്കുന്ന റോഡിലൂടെയാണ്. അന്നേ തകർച്ചയിലായിരുന്ന പാലം ഉടൻ നന്നാക്കുമെന്നാണ് അധികൃതർ അന്നുമുതൽ വാഗ്ദാനം ചെയ്യുന്നതാണ്.

പാലം ഭീഷണിയിൽ

സംസ്ഥാന പാതയിൽ നിന്ന് ടൗൺ പള്ളി, രാജാരവിവർമ ആർട്ട് ഗ്യാലറി ഓപ്പൺ ഓഡിറ്റോറിയം, എന്നിവടങ്ങളിലേക്കും,അതുവഴി പഞ്ചായത്ത് ബസ്റ്റാൻഡിലേക്കും ഈ റോഡിലൂടെയാണ് പോകുന്നത്. റോഡും പാലവും പുതുക്കിപ്പണിയാൻ പഞ്ചായത്ത് നേരത്തെ ടെൻഡർ വച്ചെങ്കിലും തുക പര്യാപ്തമല്ലാത്തതിനാൽ ആരും കരാറെടുത്തില്ല. പിന്നീട് പള്ളി മുതൽ പഞ്ചായത്ത് ബസ്റ്റാൻഡ് വരെയുള്ള റോഡിന്റെ ഭാഗം കോൺക്രീറ്റ് മാത്രം കരാർ നൽകി. അത് പൂർത്തിയായിട്ടും പാലം പഴയപടി തന്നെ തുടർന്നു.നിലവിൽ പാലം പുതുക്കി പണിയാൻ കരാർ നൽകിയിട്ടുണ്ടെങ്കിലും പണി തുടങ്ങാൻ വൈകുകയാണ്. മഴക്കാലത്ത് കുത്തിയൊലിച്ച് ഒഴുകുന്ന തോടിനൊപ്പം, കൈവരിയും, അടിസ്ഥാനവും തകർന്ന നിലയിലുള്ള പാലവും പോകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.