30

ഉദിയൻകുളങ്ങര: തിരുവനന്തപുരം കന്യാകുമാരി റെയിൽവേ പാത ഇരട്ടക്കലിന്റെ ഭാഗമായി കൊല്ലയിൽ പഞ്ചായത്തിന്റെ മൂന്നോളം വാർഡുകൾ പരസ്പരം ബന്ധമില്ലാത്ത അവസ്ഥയിലായി. ഈ പ്രദേശത്തെ നാട്ടുകാർക്ക് ഉദിയൻകുളങ്ങരയിലേക്ക് വരാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിന്റെ ഭാഗമായി നൂറ്റാണ്ടുകൾ പഴക്കമുളള ഉദിയൻകുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തെയും മാറ്റി സ്ഥാപിച്ചു. പ്രദേശത്തെ ഭക്തജനങ്ങളും ആശങ്കയിലാണ്. നിലവിലെ റോഡുകളുടെ രണ്ടു ഭാഗത്തായി റെയിൽ പാത വന്നു നിൽക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. എയ്തുകൊണ്ടാൻകാണി, ദേവേശ്വരം, ഉദിയൻകുളങ്ങര, കൊറ്റാമം എന്നീ വാർഡുകൾ പൂർണമായും റെയിൽവേയുടെ രണ്ടു ഭാഗങ്ങളിലായി മാറി. മഞ്ചവിളാകം,മലയിക്കട,പാട്ടുകോണം, മാങ്ങോട്ടുകാണം, ധനുവച്ചപുരം എന്നിവിടങ്ങളിൽ നിന്നും ഉദിയൻകുളങ്ങരയിലേക്കെത്തിച്ചേരാൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം. ജനവാസ മേഖലയിൽ മേൽപ്പാലം സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും ക്ഷേത്ര ഭരണാധികാരികളുടെയും ആവശ്യം. റെയിൽവേയുടെ അവഗണനയിൽ പ്രതിഷേധിച്ച് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

അധികൃതർ മുഖം തിരിക്കുന്നു

ഉദിയൻകുളങ്ങര നിവാസികളോട് അധികൃതർ മുഖം തിരിക്കുകയാണ്. പനയംമൂല,എ.കെ.ജി കോളനികളിൽ നിന്നും ഉപജീവനത്തിനായി

കാൽനടയായെത്തിയിരുന്ന സാധാരണകാർ ഈ റോഡ് നഷ്ടമായതോടെ ദുരിതത്തിലായി. ഉദിയൻകുളങ്ങരയിൽ നിന്നും എയ്തുകൊണ്ടാൻകാണി, ധനുവച്ചപുരം എന്നിവിടങ്ങളിലേക്കുളള റോഡ് പൂർണമായും പാത ഇരട്ടിക്കലിന്റെ ഭാഗമായി നഷ്ടപ്പെട്ടു. മുമ്പ് 1974-ൽ തിരുവനന്തപുരം - കന്യാകുമാരിയിലേക്ക് പാതനിർമ്മിച്ചപ്പോൾ ക്ഷേത്രം ഒഴിച്ചുമാറ്റിയാണ് സ്ഥലം എടുത്തിരുന്നത്. ഇപ്പോൾ ക്ഷേത്രം പൊളിച്ചു മാറ്റണമെന്ന് റെയിൽവേ അറിയിച്ചതിനെ തുടർന്ന് ക്ഷേത്ര കുളത്തിന്റെ കരയിലേക്ക് ക്ഷേത്രം മാറ്റി സ്ഥാപിച്ചു.

നിവേദനത്തിനും പരിഹാരമില്ല

ഫ്ലൈ ഓവർ ഇല്ലാത്തതിനാൽ വാഹനയാത്രക്കാരും 400 ഓളംകുടുംബങ്ങളും വഴിയില്ലാതെ കിലോമീറ്റർ ഓളം വലയുകയാണ്. ഉദിയൻകുളങ്ങരയിൽ നിന്നും 200 മീറ്റർ ദൂരത്തുണ്ടായിരുന്ന ക്ഷേത്രത്തിലേക്കെത്തണമെങ്കിൽ ഭക്തജനങ്ങൾക്ക് നാല് കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. മേൽപ്പാലം വേണമെന്ന് റെയിൽവേക്ക് നിവേദനം നൽകിയെങ്കിലും അധികൃതർ മുഖം തിരിക്കുകയാണെന്ന് കൊല്ലയിൽ പഞ്ചായത്ത് ഭരണാധികാരികൾ പറഞ്ഞു.

പണി തുടങ്ങിയതു മുതൽ ഈ ഭാഗത്ത് റെയിൽവേ ഫ്ലൈ ഓവർ നിർമ്മിച്ച നൽകണമെന്ന് ആവശ്യവുമായി പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി റെയിൽവേയുടെ ഉന്നത അധികാരികൾക്ക് നിവേദനം നൽകിയതാണ്. എന്നാൽ റെയിൽവേ അധികൃതർ മുഖം തിരിക്കുന്ന അവസ്ഥയാണ്.

ഡോ.എൻ.എസ്. നവനീത് കുമാർ

കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ്