തിരുവനന്തപുരം: ഐ.ടി സംരംഭകരായ സ്ത്രീകൾക്ക് തൊഴിലിടമൊരുക്കുന്ന നഗരസഭയുടെ പദ്ധതിയായ ഷീ ഹബ്ബ് ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ആദ്യ ഷീ ഹബ്ബാണിത്. തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപത്തുള്ള കോർപ്പറേഷൻ കെട്ടിടത്തിലാണ് ഷീ ഹബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.കെട്ടിടത്തിന്റെ ജോലികളെല്ലാം പൂർത്തിയായി.ഇനി അവസാനവട്ട മിനുക്ക് പണികൾ മാത്രമാണുള്ളത്.വർക്ക് നിയർ ഹോം മാതൃകയിലാണ് ഷീ ഹബ്ബ് സജ്ജമാക്കുന്നത്. ഐ.ടി നഗരമായ കഴക്കൂട്ടത്ത് സ്ത്രീകൾക്ക് താമസസൗകര്യത്തിന് വേണ്ടി നിവാസം എന്ന പേരിൽ ഷീലോഡ്ജും നഗരസഭ പണികഴിപ്പിച്ചിട്ടുണ്ട്.

വിശാലമായ ഓഫീസ് മാതൃകയിൽ

കോർപ്പറേറ്റ് ഓഫീസുകളുടെ മിനിയേച്ചർ രൂപമാണ് ഷീ ഹബ്ബിന്. വെയിറ്റിംഗ് ലിവിംഗ് ഏരിയ, ക്യുബിക്കിളായി തിരിച്ച തൊഴിലിടം, പ്രോജക്ട് റിപ്പോർട്ടുകളും പ്രസന്റേഷനുകളും അവതരിപ്പിക്കാൻ എൽ.ഇ.ഡി പ്രൊജക്ടർ സഹിതമുള്ള ഹാൾ, കഫെറ്റീരിയ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. 200 അടി ചതുരശ്ര മീറ്ററിൽ 30 പേർക്ക് ഒരുമിച്ച് ഉപയോഗിക്കാവുന്ന വിധത്തിലുള്ള വൈഫൈ കണക്ഷൻ സഹിതം കമ്പ്യൂട്ടറും ക്രമീകരിച്ചിട്ടുണ്ട്.ഐ.ടി മേഖലയിൽ പ്രാവീണ്യമുള്ള വനിത സംരംഭകയ്ക്കാണ് ഷീ ഹബ്ബിന്റെ നടത്തിപ്പ് ചുമതല. ഇതിനൊപ്പം ഫ്രീലാൻസായി ജോലിചെയ്യുന്നവർക്കും ഷീഹബ്ബ് പ്രയോജനപ്പെടുത്താം. നഗരത്തിലെത്തുന്നവർക്ക് അവരുടെ തൊഴിൽപങ്കാളിയുമായുള്ള മീറ്റിങ്ങിനുള്ള സ്ഥലമായും ഇവിടം ഉപയോഗപ്പെടുത്താം.തൊഴിലിടത്തിന് പുറമെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അക്കാഡമിക് പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്താം.

കുടുംബശ്രീ നയിക്കും

ഷീഹബ്ബിന്റെ മേൽനോട്ടം വഹിക്കുന്നത് കുടുംബശ്രീയായിരിക്കും.കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് സംവിധാനത്തിൽ സഹകരിക്കും. ഹബ്ബ് നടത്തിപ്പ് ഏറ്റെടുക്കുന്നവർക്ക് മറ്റുള്ളവരിൽ നിന്ന് പ്രവർത്തനച്ചെലവ് ഈടാക്കാവുന്നതാണ്. വൈദ്യുതി,വെള്ളം,ശുചീകരണം എന്നിവയുടെ ചെലവുകൾ സംരംഭകരാണ് വഹിക്കേണ്ടത്.ഏറ്റെടുക്കുന്നവർ നിശ്ചിത തുക ഡെപ്പോസിറ്റായി നൽകണം.