തിരുവനന്തപുരം: പ്രക്ഷേപകനും തിരുവനന്തപുരം ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടറുമായിരുന്ന എൻ.എസ്. കൃഷ്ണമൂർത്തി(87) അന്തരിച്ചു. ഇന്നലെ പുലർച്ചെ 2.23ന് ബംഗളൂരുവിലായിരന്നു അന്ത്യം. കാശ്മീർ മുതൽ തിരുവനന്തപുരം വരെയുള്ള നിരവധി റേഡിയോ നിലയങ്ങളിൽ പ്രക്ഷേപകനായിരുന്നു എൻ.എസ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ട എൻ.എസ്. കൃഷ്ണമൂർത്തി.
പുതുതലമുറയിലുള്ള പ്രക്ഷേപകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹത്തിന് അനിതരസാധാരണമായ സിദ്ധിയുണ്ടായിരുന്നു. ആകാശവാണിയിലെ 'പ്രഭാതഭേരി" എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. സംഗീതജ്ഞൻ കൂടിയായ അദ്ദേഹം ആകാശവാണിയിൽ നിരവധി നൂതന സംഗീത സംരംഭങ്ങൾക്ക് തുടക്കമിട്ടു. ആകാശവാണി ഡൽഹി നിലയത്തിലെ സംഗീത വിഭാഗത്തിലെ ഡയറക്ടറായും പ്രവർത്തിച്ചു. തുടർന്ന് റിട്ടയർമെന്റ് ശേഷം സംഗീതരംഗത്തും സാഹിത്യരംഗത്തും സജീവമായി പ്രവർത്തിച്ചു. അവിവാഹിതനായ കൃഷ്ണമൂർത്തി ബംഗളൂരുവിൽ സഹോദരി മഹാലക്ഷ്മി നാരായണിന്റെയും മകൻ സദാനന്ദിനൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ബംഗളൂരുവിലെ ബാണാശങ്കരി ശ്മശാനത്തിൽ സംസ്കാരം നടത്തി.