k

തിരുവനന്തപുരം: ആറുവയസിൽ ചെയ്ത ഒരു മിനിട്ട് വീഡിയോയാണ് 13കാരൻ ശ്രീരംഗിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അമ്മയെ വൃദ്ധസദനത്തിലാക്കുന്ന മകനെയും അതുകണ്ട് കരയുന്ന കൊച്ചുമകനെയും തന്റെ ഭാവനയിൽ തോന്നിയ സംഭാഷണങ്ങളിലൂടെ ശ്രീരംഗ് അവതരിപ്പിച്ചു. അച്ഛൻ ഷൈൻ അത് മൊബൈലിൽ പകർത്തി ഷോർട്ട് ഫിലിം ബൈ ശ്രീരംഗെന്ന അടിക്കുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്ര് ചെയ്തതോടെ ശ്രീരംഗ് ശ്രദ്ധനേടി. അപ്പുവെന്നായിരുന്നു ഷോർട്ട് ഫിലിമിന്റെ പേര്. ഏഴുവർഷത്തിനിപ്പുറം മലയാളസിനിമയിൽ കേന്ദ്രകഥാപാത്രമായി എത്തുകയാണ് ശ്രീരംഗ്. 22ന് പുറത്തിറങ്ങുന്ന വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത 'സ്ഥാനാർത്തി ശ്രീക്കുട്ടൻ" എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ ശ്രീക്കുട്ടനായി അഭിനയിച്ചത് തിരുവനന്തപുരം പേയാട് സ്വദേശിയായ ശ്രീരംഗാണ്. അജുവർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരും ശ്രീക്കുട്ടന്റെ സുഹൃത്തുക്കളായെത്തുന്ന ഒരുകൂട്ടം കുട്ടികളുമാണ് മറ്റ് അഭിനേതാക്കൾ.

ശ്രീരംഗിന്റെ വീട്ടിലാർക്കും സിനിമാ പശ്ചാത്തലമില്ല. അഭിനയത്തിലുള്ള കഴിവ് കണ്ടെത്തിയത് അച്ഛനാണ്. അപ്പുവിലെ പ്രകടനം കണ്ട് അച്ഛന്റെ സുഹൃത്ത് ശരത് രമേശ് വഴി പ്രിജേഷ് നിർഭയയൊരുക്കിയ പരസ്യത്തിൽ അഭിനയിക്കാൻ അവസരമൊരുങ്ങി. തുടർന്ന് ചില സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഫെസ്റ്റിവൽ ചിത്രമായ ഇൻലൻഡ്, സംസ്കൃതചിത്രം നമോ, കോൾഡ്കേസ് എന്നിവയിലും അഭിനയിച്ചു. കാപ്പയിൽ പ്രിഥ്വിരാജിന്റെ മകനായി. എ.ആർ.എമ്മിൽ ടൊവിനോയുടെ ബാല്യകാലം അഭിനയിച്ചത് ശ്രദ്ധനേടി. മുഴുനീളൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്ഥാനാർത്തി ശ്രീക്കുട്ടനിലൂടെയാണ്.

സ്കൂളിലെ സ്റ്റാർ

അഭിനയത്തെ കൂടെക്കൂട്ടുമ്പോഴും പഠനത്തിലും മിടുക്കനാണ് ശ്രീരംഗ്. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്. ക്രിസ്മസിന് പുറത്തിറങ്ങുന്ന 'വരാഹം"എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് ശ്രീരംഗാണ്. ഔസേപ്പിന്റെ ഒസ്യത്ത്, ഐഡന്റിറ്റി, വെബ്സിരീസ് നാലരസംഘം എന്നിവയിലും അഭിനയിക്കുന്നുണ്ട്. അച്ഛൻ ഷൈനും അമ്മ ലിഷയും അനുജൻ ശ്രീകാർത്തിയും പൂർണ പിന്തുണയോടെ ശ്രീരംഗിനൊപ്പമുണ്ട്.