
□വർഷം തീരാൻ കഷ്ടിച്ച് ഒന്നര മാസം
തിരുവനന്തപുരം: കലണ്ടർ വർഷം അവസാനിക്കാൻ കേവലം ഒരു മാസം മാത്രം ബാക്കിനിൽക്കെ, പ്രസിദ്ധീകരിക്കേണ്ട ആകെ വിജ്ഞാപങ്ങളിൽ 40 ശതമാനത്തോളം ഇനിയും പി.എസ്.സി പ്രസിദ്ധീകരിച്ചില്ല.
നവംബർ 15 വരെ പി.എസ്.സി ആകെ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളുടെ എണ്ണം 455. ഒരു വർഷം ശരാശരി 750 വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിക്കാറുള്ളത്. ശേഷിക്കുന്നവ മൂന്നോ നാലോ വിജ്ഞാപങ്ങളിലൂടെ പ്രസിദ്ധീകരിക്കുമ്പോൾ അപേക്ഷ അയയ്ക്കുന്നവയുടെ തള്ളിക്കയറ്റം കാരണം വെബ്സൈറ്റിലുണ്ടാകുന്ന തിരക്ക് അവസാന ദിവസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടാനിടയാക്കും. കഴിഞ്ഞ വർഷവും സമാനമായി വിജ്ഞാപനത്തിലുണ്ടായ അലംഭാവം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ആകെ പ്രസിദ്ധീകരിച്ച 740 വിജ്ഞാപനങ്ങളിൽ 275 എണ്ണവും ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. അപേക്ഷകരുടെ എണ്ണം കൂടിയതോടെ വെബ്‌സൈറ്റിൽ പ്രവേശിക്കാനോ അപേക്ഷ സമർപ്പിക്കാനോ പോലും ഉദ്യോഗാർത്ഥികൾക്ക് കഴിയാതെ വന്നു. ചില തസ്തികകളുടെ അപേക്ഷാ തീയതി പി.എസ്.സി ദീർഘിപ്പിച്ചു നൽകിയാണ് പ്രശ്‌നം പരിഹരിച്ചത്.
ബിരുദധാരികൾ അപേക്ഷിക്കുന്ന സെക്രട്ടേറിയറ്റ്/ പി.എസ്.സി./ ഓഡിറ്റ് വകുപ്പ് എന്നിവയിലേക്കുള്ള അസിസ്റ്റന്റ്/ ഓഡിറ്റർ വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചിരുന്നു. ഇതടക്കം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്ന തസ്‌തികകളുടെ വിജ്ഞാപനമാണ് ഇനി വരാനുള്ളത്. ഇതോടെ കഴിഞ്ഞ വർഷത്തെ സെർവർ പ്രശ്‌നം ഇക്കുറിയും ഉണ്ടാകാനുള്ള സാദ്ധ്യത ഉദ്യോഗാർത്ഥികൾ തള്ളുന്നില്ല.