s

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ കുടുങ്ങി ജീവൻ നഷ്ടമായ ജോയിയായിരുന്നു അക്വാട്ടിക് വേസ്റ്റ് മാനേജ്‌മെന്റിന് രൂപംനൽകുമ്പോൾ നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവെന്റ് ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിനികളായ ആര്യയുടേയും മുത്തുലക്ഷ്മിയുടേയും മനസിൽ! മാലിന്യഭീഷണി നിലനിൽക്കുന്ന കേരളത്തിന് ആശ്വാസമായ കണ്ടുപിടിത്തമാണിവർ അവതരിപ്പിച്ചത്. ഇഫക്ടീവ് അക്വാട്ടിക് വേസ്റ്റ് മാനേജ്‌മെന്റ് യൂസിംഗ് റാസ്‌പെറി പൈ എന്നാണ് സംവിധാനത്തിന്റെ പേര്. റാസ്‌ബെറി പൈ ആണ് സംവിധാനത്തെ നിയന്ത്രിക്കുന്നത്. ഓട്ടോമാറ്റിക് റോബോട്ട് ഉപയോഗിച്ചാണ് മാലിന്യനീക്കം.

ക്യാമറ പടം നൽകും, റോബോട്ട് ചലിക്കും

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന റോബോട്ടിനെ ജലാശയത്തിലേക്ക് വിടും. 360 ഡിഗ്രിയിൽ ചലിക്കുന്ന ക്യാമറ ജലത്തിലെ മാലിന്യത്തിന്റെ ചിത്രങ്ങളെടുത്ത് കംപ്യൂട്ടറിന് നൽകും. ചിത്രങ്ങൾ കംപ്യൂട്ടർ പരിശോധിച്ച് മാലിന്യമാണെന്ന് തിരിച്ചറിഞ്ഞാലുടൻ റോബോട്ട് മാലിന്യം ശേഖരിക്കാനാരംഭിക്കും. അൾട്രാസോണിക് സെൻസർ ഉപയോഗിച്ചാണ് കരയിൽനിന്ന് ജലത്തിൽ പൊങ്ങിക്കിടക്കുന്ന മാലിന്യത്തിലേക്കുള്ള അകലം നിർണയിക്കുക. കൺവെയർ ബെൽറ്റ് വഴി ശേഖരിക്കുന്ന മാലിന്യം കണ്ടെയ്‌നറിൽ നിക്ഷേപിക്കും. കണ്ടെയ്‌നർ നിറയുന്നതോടെ സംവിധാനത്തിന്റെ പ്രവർത്തനം നിൽക്കും. തുടർന്ന് തീരത്തേക്ക് നീങ്ങുന്ന റോബോട്ട് കരയിലെ ചേംബറിലേക്ക് മാലിന്യം നിക്ഷേപിക്കും.

ഭാവിയിൽ ആഴത്തിലുള്ള മാലിന്യം കണ്ടെത്തുന്നതിലേക്കും സമുദ്രത്തിലെ മാലിന്യനീക്കം സാദ്ധ്യമാകുന്ന തരത്തിലേക്കും വികസിപ്പിക്കാവുന്ന സംവിധാനമാണിത്.