
തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്ര നടയിലെ റോഡിലെ വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. മണക്കാടു നിന്ന് ആറ്റുകാൽ ദേവീക്ഷേത്രമെത്തുന്നിടത്തെ വളവ് തിരിയുന്നിടം മുതൽ അമ്പലനടയിലെ ഗ്രൗണ്ട് വരെയാണ് രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നമുള്ളത്.
മഴ തുടരുന്നതിനാൽ ഈ പ്രദേശത്ത് നിലയ്ക്കാത്ത ഊറ്റൊഴുക്കുണ്ട്. ഇതിനൊപ്പമാണ് ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജുകളിൽ നിന്നുള്ള സെപ്ടിക് ടാങ്കുകളിലെ ഊറ്രൊഴുക്കും ഗുരുതര പ്രശ്നം സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഊറ്റുവെള്ളവും മലിനജലവും ഒരുമിച്ചൊഴുകുന്ന റോഡിലൂടെ വേണം അമ്പല ദർശനത്തിനെത്തേണ്ടതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ക്ഷ്രേത്രത്തിലേക്കെത്തുന്ന കുറച്ചു ദൂരം മുൻ കൗൺസിലർ ടൈൽസിട്ടതാണ് റോഡിന് മുകളിലൂടെ വെള്ളമൊഴുകാൻ കാരണമായതെന്നും പരാതിയുണ്ട്. പൊങ്കാല എത്തുന്നതിന് മുൻപ് വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്നും സമീപത്തെ ലോഡ്ജുകളിൽ നിന്ന് സെപ്ടിക് മാലിന്യമൊഴുക്ക് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
രണ്ടു വർഷം മുൻപ് 25 ലക്ഷം രൂപ എസ്റ്രിമേറ്റിൽ നഗരസഭ ഓട പണിയാൻ തയ്യാറായതാണ്.പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ നടന്നില്ല.ഇപ്പോൾ വീണ്ടും ഇതുവഴിയുള്ള ഓടയ്ക്ക് എസ്റ്രിമേറ്ര് തയ്യാറാക്കിയിട്ടുണ്ട്. ലെവൽസ് എടുത്തുകൊണ്ടിരിക്കുന്നു.ഉടൻ ഓട നിർമ്മാണം തുടങ്ങും.
ഉണ്ണികൃഷ്ണൻ(ആറ്റുകാൽ വാർഡ് കൗൺസിലർ).