
പാറശാല: ഫാർമസിസ്റ്റില്ലാത്തത് കാരണം കൊല്ലയിൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. രണ്ട് ഫാർമസിസ്റ്റുണ്ടായിരുന്ന കേന്ദ്രത്തിൽ പി.എസ്.സി മുഖേന നിയമിച്ച ഫാർമസിസ്റ്റ് നാലാഴ്ച മുൻപ് സ്ഥലം മാറി പോയതിനെ തുടർന്ന് പകരം ആളെ നിയമിക്കാത്തതാണ് പ്രവർത്തനം താളം തെറ്റിച്ചത്. താത്കാലിക ഫാർമസിസ്റ്റ് ഉച്ചക്ക് 2ന് പോകുന്നതോടെ മരുന്നുകൾ വിതരണം ചെയ്യാൻ കഴിയാതെയായി. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിച്ചിരുന്ന കേന്ദ്രം ഫാർമസിസ്റ്റിന്റെ അഭാവം കാരണം വൈകിട്ട് 3ന് നിറുത്തിവയ്ക്കുകയാണ് പതിവ്. നേരത്തേ എല്ലാ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രവർത്തിച്ച കേന്ദ്രം ഇപ്പോൾ അവധി ദിവസങ്ങളിൽ പ്രവർത്തിക്കാത്ത സ്ഥിതിയാണ്. 3മണി കഴിഞ്ഞെത്തുന്ന രോഗികൾ ചികിത്സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുളളതെന്ന് രോഗികൾ പറഞ്ഞു. ഫാർമസിസ്റ്റിനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എൻ.എച്ച്.എമ്മിൽ നിന്നും ലഭിച്ചിട്ടുള്ള ഒരു ഡോക്ടർ ഉൾപ്പെടെ 3 ഡോക്ടർമാർ, 3സ്റ്റാഫ് നഴ്‌സ്, 2 നഴ്‌സിംഗ് അസിസ്റ്റന്റുമാർ, 2ഫാർമസിസ്റ്റ് എന്നിവർക്ക് പുറമെ പാർട്ട് ടൈം സ്വീപ്പർ1, ഹെൽത്ത് ഇൻസ്‌പെക്ടർ 1, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ 2 എന്നിങ്ങനെ 15 ഓളം പേരെത്തി ദിവസേന പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് പ്രദേശത്തെ സാധാരണക്കാരായ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയത്.
പ്രതികരണം
സാധാരണ ജനങ്ങൾക്കേറെ ആശ്രമായിരുന്ന കൊല്ലയിൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം.
ബാഹുലേയൻ, ധനുവച്ചപുരം.
പൊതുപ്രവർത്തകൻ