തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ എഡ്യുക്കേഷണൽ ഡയറക്ടറേറ്റിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ചമച്ച് തട്ടിപ്പ്. ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ തിരുവനന്തപുരം ആയുർവേദ ഡയറക്ടറേറ്റ് നൽകുന്ന സർട്ടിഫിക്കറ്റുകളാണ് വ്യാജമായി ചമച്ചത്. ആയുർവേദ ഡയറക്ടറേറ്റിലെ ഡയറക്ടറുടെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. കൊല്ലം ആസ്ഥാനമായ സ്റ്റാൻഫോർഡ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് കോച്ചിംഗ് നൽകുന്ന സ്ഥാപനമാണിത്. 2011 ജനുവരി മുതൽ 2015 ജനുവരി വരെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റുകളാണ് ഇവർ വ്യാജമായി നിർമ്മിച്ചത്. അഞ്ച് ഉദ്യോഗാർത്ഥികൾ ഇവരിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റുകൾ വാങ്ങി വിവിധ സ്ഥാപനങ്ങളിൽ ജോലിയ്ക്ക് അപേക്ഷിച്ചു. ഇവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കിടെ ഇവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആയുർവേദ മെഡിക്കൽ എഡ്യുക്കേഷണൽ ഡയറക്ടറേറ്റിലെ ഡയറക്ടർ ഇക്കഴിഞ്ഞ 15ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സർട്ടിഫിക്കറ്റുകൾക്ക് നല്ലൊരു തുകയും സ്റ്റാൻഫോർഡ് ഇന്റർനാഷണൽ ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങിച്ചിരുന്നതായാണ് സൂചന. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.