തിരുവനന്തപുരം: ഷെയർ ‌ട്രേഡിംഗിന്റെ പേരിൽ ഉള്ളൂർ സ്വദേശിക്ക് 15 ലക്ഷം നഷ്ടമായി. കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ ലാഭമുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ട്രേഡിംഗ് സൈറ്റുമായി ബന്ധപ്പെട്ടത്. ആദ്യം നിക്ഷേപിച്ചപ്പോൾ പണം ലഭിച്ചതോടെ വിശ്വാസ്യതയേറി. ഇതോടെ കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. ഒരാഴ്ചയ്ക്കിടെ ട്രേഡിംഗിന്റെ പേരിൽ 25 ലക്ഷത്തിന്റെ തട്ടിപ്പാണ് തിരുവനന്തപുരത്ത് നടന്നത്. കഴിഞ്ഞയാഴ്ച വഞ്ചിയൂർ സ്വദേശിക്ക് 10 ലക്ഷം നഷ്ടപ്പെട്ടിരുന്നു. ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ട്രേഡിംഗ് സംഘം ഇവരെ അംഗമാക്കിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. നിക്ഷേപത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ഗ്രൂപ്പിൽ നിന്ന് മനസിലാക്കിക്കുക എന്നതായിരുന്നു ഗ്രൂപ്പ് വഴി ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ലാഭം കിട്ടിയ പണം അക്കൗണ്ടിൽ നിന്നെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് ചതി മനസിലായത്.അന്വേഷണം നടന്നുവരികയാണ്.