ആലപ്പുഴ: ദുരന്തഭൂമിയായ വയനാട്ടിൽ നിന്നാണ് പ്ളസ് ടു വിദ്യാർത്ഥിനിയായ മിഹ ഫാത്തിമയും പ്ലസ് വൺ വിദ്യാർത്ഥിയായ സാഹിൽ സോണിയയും എത്തിയത്. മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസിലെ കുട്ടികളാണിവർ. ഹയർ സെക്കൻഡറി വിഭാഗം വർക്കിംഗ് മോഡലിൽ ഇവർ അവതരിപ്പിച്ച സ്റ്റോം സെന്റിനൽ ശ്രദ്ധേയമായി.
ദുരന്തങ്ങൾ പ്രവചിച്ച് ജീവൻ സംരക്ഷിക്കുന്ന സംവിധാനമാണ് സ്റ്റോം സെന്റിനൽ.
മലയിടിച്ചിൽ, മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ, കാട്ടുതീ, ഉഷ്ണതരംഗം, ക്വാറികളിലെ പൊട്ടിത്തെറി, വാതക ചോർച്ച, വായുവിലെ വിഷാംശം എന്നിവയെല്ലാം സ്റ്റോം സെന്റിനൽ പ്രവചിക്കും. ജി.എസ്.എം മോഡ്യൂൾ വഴി കുറഞ്ഞത് അഞ്ച് ഫോൺ നമ്പറിലേക്ക് ദുരന്ത മുന്നറിയിപ്പ് നൽകുകയുംചെയ്യും. റേഡിയോ ഫ്രീക്വൻസി വഴി പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കാലാവസ്ഥ കേന്ദ്രങ്ങളിലേക്കും ഫോൺ കോളെത്തും. രണ്ടുമണിക്കൂറിന് മുമ്പ് വരെ ദുരന്തം പ്രവചിക്കും. പ്രകൃതിലോല, ദുരന്തസാദ്ധ്യതാ പ്രദേശങ്ങളിൽ പരമാവധി 25000 രൂപയ്ക്ക്
സ്ഥാപിക്കാമെന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.