1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് കസ്റ്റംസിനായി തയ്യാറായ സ്കാനർ സംവിധാനം ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. തുറമുഖത്തെത്തിച്ച അത്യാധുനിക സ്കാനർ സ്ഥാപിച്ചതിന്റെ ട്രയൽ റൺ കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. ഇതോടൊപ്പം ഗേറ്റ്, എൻട്രി പാസ് എന്നിവയുടെ നിയന്ത്രണത്തിനുള്ള അക്സസ് കൺട്രോൾ യൂണിറ്റിന്റെയും പരീക്ഷണം നടന്നു. തുറമുഖത്ത് കപ്പലിലെത്തിക്കുന്ന കണ്ടെയ്നറുകൾ പുറത്തേക്ക് കൊണ്ടുപോകുമ്പോഴും വാഹനങ്ങൾ അകത്തേക്ക് പോകുമ്പോഴും സ്കാൻ ചെയ്യും. ഇത് പൂർണമായും റെക്കാഡ് ചെയ്ത് സൂക്ഷിക്കുന്ന രീതിയിലാണ് സ്കാനർ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ചരക്കുനീക്കം നടത്തുന്ന ട്രെയിലറുകളിൽ അസാധാരണമായി ലോഹങ്ങളോ മറ്റ് സ്ഫോടക വസ്തുക്കളോ ഉണ്ടെങ്കിൽ കണ്ടെത്താനാവും. ട്രയൽറൺ അടക്കം പരീക്ഷണം പൂർത്തിയാക്കിയ കസ്റ്റംസിന്റെ സ്കാനർ സംവിധാനമാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. തുറമുഖഗേറ്റ് കോംപ്ലക്സിൽ മറ്റൊരു സ്കാനർ സംവിധാനം കൂടി സജ്ജീകരിച്ചുവരികയാണ്. റോഡ് കണക്ടിവിറ്റി സംവിധാനം പൂർത്തിയായാൽ മാത്രമെ ഇപ്പോഴുള്ള സ്കാനർ സംവിധാനം പൂർണമായും പ്രവൃത്തിപ്പിക്കാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.

കപ്പലിൽ ട്രെയിലറും

തുറമുഖത്ത് സിംഗപ്പൂരിൽ നിന്നും കഴിഞ്ഞ ദിവസമടുത്ത എം.എസ്.സി സോഫിയ എന്ന കപ്പലിൽനിന്നും 6 ട്രെയിലറുകൾ യാർഡിലിറക്കി. ട്രെയിലറുകൾ അടുത്ത കണ്ടെയ്നർ കപ്പലായ എക്‌സ്‌പ്രസ് കാവേരിയിൽ ജിബൂട്ടി തുറമുഖത്തേക്ക് കൊണ്ടുപോകും. ഇവിടെയെത്തുന്ന കണ്ടെയ്നറുകളിലെ വസ്തുക്കൾ എന്താണെന്ന് അറിയാൻ കഴിയില്ല. എന്നാൽ കണ്ടെയ്നറിനുള്ളിലല്ലാതെ എത്തിച്ച ട്രെയിലറാണ് ഇവിടെ ഇറക്കിയത്. റോഡ് കണക്ടിവിറ്റി വന്നാൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഷോറൂമുകളിലേക്കുള്ള വാഹനങ്ങൾ വിഴിഞ്ഞത്ത് ഇറക്കുമെന്നും അധികൃതർ പറഞ്ഞു