
വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇതോടെ ബസുകളും അനവധി വാഹനങ്ങളും വഴിയിൽ കുടുങ്ങി. ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് പൊൻമുടി ഏഴാം വളവിന് സമീപത്തു നിന്ന മരമാണ് റോഡിലേക്ക് പതിച്ചത്. മരം വീഴുന്നതിന് തൊട്ടുമുൻപ് വിനോദസഞ്ചാരികൾ സഞ്ചരിച്ച വാൻ കടന്നുപോയിരുന്നു. വിതുരയിൽ നിന്നും ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വിതുര ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ സുലൈമാൻ,ഫയർ ഓഫീസർമാരായ അരുൺ, അനൂപ്, നിജു, റിയാസ് എന്നിവർ നേതൃത്വം നൽകി. കാറ്റത്തും മഴയത്തും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും പൊൻമുടി റോഡിൽ പതിക്കുക പതിവാണ്. നേരത്തേ മൂന്നുതവണ മഴയത്ത് മരം റോഡിൽ വീണ് ഗതാഗതം തടപ്പെട്ടിരുന്നു. വൈദ്യുതിലൈനുകളും വ്യാപകമായി പൊട്ടിവീണു.
മരങ്ങൾ നിലംപൊത്താവുന്ന അവസ്ഥയിൽ
പൊൻമുടി കല്ലാർ റൂട്ടിൽ അനവധി മരങ്ങൾ വേരുകൾ പുറംതള്ളി ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അപകടാവസ്ഥയിൽ നിൽക്കുന്ന ഇത്തരം മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് അനവധി തവണ പൊൻമുടി സംരക്ഷണസമിതി ഭാരവാഹികൾ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.
വൈദ്യുതി മുടക്കവും
മഴയായാൽ പൊൻമുടിയിൽ വൈദ്യുതിവിതരണം തടസപ്പെടുന്നത് പതിവാകുകയാണ്. മഴക്കാറ് കണ്ടാൽ നിലയ്ക്കുന്ന വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നത് മണിക്കൂറുകൾക്കു ശേഷമാണ്. ഇതുമൂലം വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടാണ്. കാട്ടാനകളും പൊൻമുടി മേഖലയിലേക്കുള്ള വൈദ്യുതി തൂണുകൾ മറിച്ചിടുന്നുണ്ട്. പൊൻമുടിക്ക് പുറമേ കല്ലാർ മേഖലയിലും വൈദ്യുതി തടസം പതിവായിട്ടുണ്ട്. വനമേഖലയിലൂടെ ലൈനുകൾ കടന്നുപോകുന്നതുമൂലമാണ് കാറ്റത്തും മഴയത്തും വൈദ്യുതി വിതരണം തടസപ്പെടുന്നതെന്നാണ് ഇലക്ട്രിസിറ്റിവകുപ്പ് വ്യക്തമാക്കുന്നത്.