
മലയിൻകീഴ്: അമലിന്റേയും അഭിജിതയുടേയും പ്രണയകഥയിലെ ഒരു കഥാപാത്രം ഈ കെ.എസ്.ആർ.ടി.സി ബസാണ്. ഒരുമിച്ച് ഈ ബസിൽ യാത്ര ചെയ്ത അവർ ജീവിതത്തിലും ഒരുമിക്കാൻ തീരുമാനിച്ചപ്പോൾ ഡബിൾ ബെൽ മുഴങ്ങിയത് ഈ ബസിലായിരുന്നു. പരസ്‌പരം വരണമാല്യം ചാർത്തിയപ്പോഴും ഇവരുടെ സ്വന്തം ആനവണ്ടി സാക്ഷിയായി!.
ഈ കഥയുടെ ഫ്ലാഷ്‌ബാക്ക് ആരംഭിക്കുന്നത് നായകൻ മരുവത്തൂർക്കോണം അരുൺ നിവാസിൽ സി.കെ.നിത്യാനന്ദൻ എസ്.ഗീതാമണി ദമ്പതികളുടെ ഇളയ മകൻ അമൽ ബാലുവിന്റെ കുട്ടിക്കാലത്താണ്. സ്കൂളിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അമൽ ബാലു നൽകിയ നിരവധി നിവേദനങ്ങളുടെ ഫലമായിരുന്നു ചീനിവിള - കിഴക്കേകോട്ട ബസ് സർവീസ്. ബസ് അനുവദിച്ചതോടെ സ്കൂൾ, കോളേജ് പഠനകാലത്തും പിന്നീട് ജോലി കിട്ടിയപ്പോഴും അമലിന്റെ യാത്ര ഇതിലായി.
ആ ബസിൽ ഇടയ്ക്ക് സ്ഥിരം യാത്രക്കാരിയായി അഭിജിതയും കൂടെക്കൂടി. തിനക്കോട്ടുകോണം രാധാ ഭവനിൽ ശ്രീകുമാരൻ - ശ്രീകുമാരി ദമ്പതികളുടെ മകളാണ് അഭിജിത. പരസ്‌പര ഇഷ്ടം പ്രണയമായി. പിന്നെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം. കഴിഞ്ഞ ദിവസത്തെ വിവാഹയാത്രയും ഇവർ പ്രിയപ്പെട്ട ബസിലാക്കി. ചെങ്കൽ മഹാദേവ ക്ഷേത്രത്തിലെ താലികെട്ടിനുശേഷം മാറനല്ലൂർ ദേവഗിരി ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണത്തിനും പ്രിയ ബസ് ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ ഞങ്ങളെ ഒന്നിപ്പിച്ച ബസ് വിവാഹത്തിനും ഒപ്പമുണ്ടാകണമെന്നത് രണ്ടുപേരുടേയും തീരുമാനമായിരുന്നു- അമൽ പറഞ്ഞു.
ഡ്രൈവർ അശോകനും കണ്ടക്ടർ സത്യദാസുമാണ് അമലിന്റെ ഇഷ്ട ബസുമായി എത്തിയത്. കെൽട്രോൺ നോളജ് സെന്റർ എസ്.ആർ.ഒയാണ് അഭിജിത. ഹോട്ടൽ ഇന്ദ്രപുരി രാജധാനിയിലെ സീനിയർ എഫ്.ഒ.എയാണ് അമൽ.