പാലോട്: മലയോര മേഖലകളിൽ ഒരു ഇടവേളയ്ക്കുശേഷം വ്യാജ മദ്യലോബി സജീവമായതായി ആക്ഷേപം. ഇതിനെതിരെ പൊലീസും എക്സൈസും നിരവധി നടപടികൾ സ്വീകരിച്ചിട്ടും ഫലപ്രദമായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

വാമനപുരം റേഞ്ചിനു കീഴിൽ ഒൻപത് പഞ്ചായത്തുകളിലായി പതിനൊന്ന് വില്ലേജുകളാണുള്ളത്. ഇതിൽത്തന്നെ ആദിവാസി മേഖല ഉൾക്കൊള്ളുന്ന മേഖലകളാണ് ഭൂരിഭാഗവും.ഉൾക്കാടുകളിൽ എക്സൈസ് സംഘത്തിനോ പൊലീസിനോ എത്താൻ കഴിയാത്ത മേഖലയാണ് വാറ്റിനായി തിരഞ്ഞെടുക്കുന്നത്. എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കിലോക്കണക്കിന് കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. അതോടൊപ്പം ചെറിയ കടകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയും തകൃതിയായി നടക്കുന്നുണ്ട്. ചില കടകളിൽ രാവിലെ 5.30 മുതൽ 7വരെയും വൈകിട്ട് 6 മുതലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയുണ്ട്. വ്യാജ മദ്യ നിർമ്മാണം തടയാൻ പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.

എക്സൈസ് ഓഫീസ്

പ്രഖ്യാപനം മാത്രം

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്തകേന്ദ്രവും ഇപ്പോഴും നടപ്പായിട്ടില്ല. ലഹരി ഉപയോഗത്തെ തുടർന്ന് ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം.

ആവശ്യങ്ങൾ

1) ഗ്രാമീണമേഖലകളിൽ എക്സൈസ്,പൊലീസ് പട്രോളിംഗ് ശക്തമാക്കണം

2) ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം

ബോധവത്കരണവുമായി

കേരളകൗമുദി ബോധപൗർണമി ക്ലബും

കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും പാലോട് പൊലീസ്,എക്സൈസ് വകുപ്പ് എന്നിവരുടെയും നേതൃത്വത്തിൽ സ്കൂളുകൾ,കോളേജുകൾ,വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ലഹരിവർജ്ജന ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കും. ലഹരിക്കെതിരെ പോരാടാൻ യുവാക്കൾക്ക് സന്ദേശം പകരുന്ന കലാരൂപങ്ങളും അവതരിപ്പിക്കും.