
കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ ഇടമൺനില ഏലായിൽ വയൽ നികത്തൽ വ്യാപകമെന്ന് പരാതി. സ്വകാര്യ വ്യക്തി വ്യാപകമായി വയൽ നികത്തിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് നാട്ടുകാർ ഉന്നതാധികാരികൾക്ക് പരാതി നൽകി.
പഞ്ചായത്തിലെ 3,4 വാർഡുകളുമായി അതിർത്തി പങ്കിടുന്ന ഇടൺനില ഏലയിൽ 50 ഏക്കറോളം നെൽവയലുകൾ ഉണ്ട്. അതിലിപ്പോൾ നാലിൽ ഒന്ന് വയലുകളിൽ മാത്രമാണ് നെൽകൃഷിയുള്ളത്.തരിശായി കിടക്കുന്ന വയലുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഘട്ടം ഘട്ടമായി നികത്തിയെടുക്കുകയാണ് പതിവെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് സി.പി.എം പ്രവർത്തകർ കൊടികുത്തിയെങ്കിലും പിറ്റേന്ന് കൊടി കാണാതായെന്നും നാട്ടുകാർ ആരോപിച്ചു.