
വർക്കല: കൊലപാതകശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതികളെ അയിരൂർ പൊലീസ് പിടികൂടി. ചെമ്മരുതി കുന്നുംപുറംനഗർ മുരിങ്ങവിള വീട്ടിൽ അപ്പൂസ് എന്ന വിജിത്ത് (24),പാളയംകുന്ന് കുന്നുവിള വീട്ടിൽ മനു (23) എന്നിവരാണ് അറസ്റ്റിലായത്. 2023 ഡിസംബർ 2നാണ് കേസിനാസ്‌പദമായ സംഭവം.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വിജിത്തും മനുവും നിലമേൽ സ്വദേശിയായ രതീഷിനെ ഇയാളുടെ ചെമ്മരുതിയിലെ വീട്ടിൽ വച്ച് കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. രതീഷിന്റെ ഭാര്യാസഹോദരനെ പ്രതികൾ മർദ്ദിച്ചത് പൊലീസിൽ പരാതിപ്പെടാൻ നിർദ്ദേശിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണത്തിൽ രതീഷിന്റെ തലയുടെ ഇടതുഭാഗത്തും കൈയ്‌ക്കും ആഴത്തിൽ മുറിവേറ്റിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളെയും പ്രതികൾ വാൾ കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് ഒരു വർഷത്തോളം ഒളിവിലായിരുന്ന പ്രതികൾ മലപ്പുറം മഞ്ചേരി,കാസർകോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഹോട്ടൽ തൊഴിലാളികളായി ജോലി ചെയ്‌തു വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
റൂറൽ എസ്.പി കിരൺ നാരായൺ,വർക്കല എ.എസ്.പി ദീപക്ക് ധൻകർ,ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചുലാൽ എന്നിവരുടെ നിർദ്ദേശപ്രകാരം അയിരൂർ എസ്.എച്ച്.ഒ ശ്യാമിന്റെ നേതൃത്വത്തിൽ എസ്.ഐ രജിത്,സി.പി.ഒമാരായ ബിനു,സജു,നൂറുൽ അമീൻ,അനിൽ,വരുൺ എന്നിവരുൾപ്പെട്ട സംഘമാണ് നേതൃത്വം നൽകിയത്.