
തിരുവനന്തപുരം:വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ സഹായ പ്രഖ്യാപനം വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷമേ ഉണ്ടായേക്കൂ. 22 നാണ് പ്രധാനമന്ത്രി തിരിച്ചെത്തുക. കേന്ദ്ര ആഭ്യന്തര, ധനകാര്യ, കൃഷി മന്ത്രിമാരുൾപ്പെട്ട ഉന്നത തലസമിതിയാണ് അന്തിമതീരുമാനം കൈക്കൊള്ളുക.
കാർഷിക വായ്പകളും വിദ്യാഭ്യാസ വായ്പകളും എഴുതി തള്ളുന്ന കാര്യത്തിൽ അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചേക്കും. പ്രാദേശിക ബാങ്കുകൾ വായ്പാബാദ്ധ്യതകൾ എഴുതി തള്ളാൻ തയ്യാറായാൽ വേണ്ട സഹായം നൽകാമെന്ന നിലപാടാണ് റിസർവ് ബാങ്ക് ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേകപ്രതിനിധി പ്രൊഫ.കെ.വി.തോമസിനെ അറിയിച്ചത്. അതിതീവ്ര സ്വഭാവമുള്ള ദുരന്തമായി പരിഗണിച്ച് ലെവൽ ത്രീയിൽ ഉൾപ്പെടുത്തണമെന്ന പ്രധാന ആവശ്യമാണ് കേരളം ഉന്നയിക്കുന്നത്.
നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള സഹായവുമാണ് കേരളം പ്രതീക്ഷിക്കുന്നത്.
# 2000 കോടി ചോദിച്ച്
പി.ഡി.എൻ.എ റിപ്പോർട്ട്
നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിവരുന്ന തുകയും മറ്റു വിശദവിവരങ്ങളും ഉൾപ്പെടുത്തിയുള്ള പി.ഡി.എൻ.എ (പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസെസ്മെന്റ്) റിപ്പോർട്ട് സംസ്ഥാനം ഉടൻ കേന്ദ്രത്തിന് കൈമാറും.
2000 കോടിയിലധികം രൂപ അനുവദിക്കണമെന്നാവും റിപ്പോർട്ടിൽ അഭ്യർത്ഥിക്കുക.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാർ യോഗം ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയാൽ റിപ്പോർട്ട് കൈമാറാം. പി.ഡി.എൻ.എ റിപ്പോർട്ട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
ബാങ്ക് വായ്പകൾ എഴുതി തള്ളേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടും.