
ചെന്നൈ: തമിഴക വെട്രി കഴകം അദ്ധ്യക്ഷനും നടനുമായ വിജയ് 2026ൽ ഏതു മണ്ഡലത്തിൽ മത്സരിക്കണമെന്ന് പാർട്ടിയിൽ ഇപ്പോഴേ തർക്കം. ധർമ്മപുരി ജില്ലയിൽ വിജയ് മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ശിവ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിറകെ മറ്റ് ജില്ലകളിലെ നേതാക്കന്മാരും സമാന അവകാശവുമായി രംഗത്തെത്തി. ഇതൊന്നും തങ്ങളുടെ അറിവോടെയല്ലെന്ന് സംസ്ഥാന നേതൃത്വം പറയുന്നു.
സംസ്ഥാന സമ്മേളനം നടന്ന വിക്രവാണ്ടി ഉൾപ്പെടുന്ന വില്ലുപുരത്തെ മണ്ഡലങ്ങളിലൊന്നിൽ വിജയ് മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഒരു പാർട്ടിക്കും പ്രത്യേക സ്വാധീനമില്ലാത്ത വിക്രവാണ്ടിയിൽ വിജയ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ധർമ്മപുരിയിൽ മത്സരിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജയ് അംഗീകരിച്ചെന്നും കഴിഞ്ഞദിവസം പാർട്ടി യോഗത്തിൽ ശിവ പറയുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. എന്നാൽ വണ്ണിയർ സമുദായത്തിന് സ്വാധീനമുള്ള ധർമ്മപുരയിൽ മത്സരിക്കുന്നത് റിസ്കാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വണ്ണിയർ സമുദായത്തിന് പ്രാമുഖ്യമുള്ള പി.എം.കെയാണ് കഴിഞ്ഞ തവണ ജില്ലയിലെ നാലു മണ്ഡലങ്ങളിൽ വിജയിച്ചത്.
എ.ഡി.എം.കെയുമായി സഖ്യമില്ല
അണ്ണാ ഡി.എം.കെയുമായി വെട്രി കഴകം ധാരണയായെന്ന വാർത്ത തെറ്റാണെന്ന് ടി.വി.കെ ജനറൽ സെക്രട്ടറി എൻ.ആനന്ദ് പറഞ്ഞു. മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ അവഗണിക്കണമെന്ന് ആനന്ദ് ജനങ്ങളോടഭ്യർത്ഥിച്ചു.