തിരുവനന്തപുരം: ഭരണാനുമതി ലഭിച്ച് മാസങ്ങളായിട്ടും സ്ഥലമേറ്രെടുപ്പിനുള്ള ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന്

കരമന-വെള്ളറട റോ‌ഡ് വികസനം അനിശ്ചിതത്വത്തിൽ.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ധനവകുപ്പ് തുക അനുവദിക്കാത്തതെന്നാണ് വിവരം. റോഡ് വീതികൂട്ടുന്നതിനായി 10.46 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നേരത്തെ ഭരണാനുമതി നൽകിയത്. മുഴുവൻ ഭാഗത്തും അതിർത്തിക്കല്ലുകളും സ്ഥാപിച്ച ശേഷമാണ് പദ്ധതി പ്രതിസന്ധിയിലായത്. പൂജപ്പുര,പേയാട്,കാട്ടാക്കട,കള്ളിക്കാട്,​വെള്ളറട എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി ഒഫ് കേരളയാണ് (ആർ.ഐ.സി.കെ)​ പദ്ധതിയുടെ നിർവഹണ ഏജൻസി. കരമന മുതൽ കുണ്ടമൺകടവ് വരെയുള്ള ആദ്യ ഘട്ടത്തിനുള്ള 120 കോടി രൂപ ഈ വർഷം ആദ്യം അനുവദിക്കണമെന്ന് ഏജൻസി റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ തുക അനുവദിച്ചിട്ടില്ല.

 വീതി - 14 മീറ്റർ (നിലവിൽ 5.5 മീറ്റർ)​

 രണ്ടുവരിപ്പാത

 നീളം: 35.5 കിലോമീറ്റർ

 നിർമ്മാണച്ചെലവ് 225.3 കോടി രൂപ

മൂന്നുഘട്ടം

ആദ്യഘട്ടത്തിലുള്ളത് കരമന മുതൽ കുണ്ടമൺകടവ് വരെയുള്ള റോഡ് നിർമ്മാണമാണ്. രണ്ടാം റീച്ച് കുണ്ടമൺകടവ് മുതൽ ഞാറവിള വരെയും മൂന്നാം റീച്ച് ഞാറവിള മുതൽ വെള്ളറട വരെയുമാണ്. ഓടകൾ,നടപ്പാതകൾ,തെരുവ് വിളക്കുകൾ എന്നിവയും റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മിക്കും.

10 ഹെക്ടർ സ്ഥലം

റോഡ് വികസനത്തിനായി 10.4651 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.

ഇതുകഴിഞ്ഞ് മാത്രമേ പുനരധിവാസ പാക്കേജിന്റെ ഹിയറിംഗും ആരംഭിക്കൂ.

വെല്ലുവിളികൾ പലത്,​

യാ‍ഥാർത്ഥ്യമായാൽ നേട്ടം

പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതിന് നേരത്തെ റവന്യു വകുപ്പ് അനുമതി നൽകിയിരുന്നെങ്കിലും പ്രാഥമിക നടപടികൾ പൂർത്തിയായത് 5.5 കി.മീ മാത്രമാണ്. മറ്റിടങ്ങളിലെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലമുടമകളും റവന്യു വകുപ്പും തമ്മിൽ തർക്കമുണ്ടായിരുന്നു. രണ്ടുവരിപ്പാത മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കിലും രണ്ടായിരത്തിലധികം വാണിജ്യ,പാർപ്പിട കെട്ടിടങ്ങൾ റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നതിനാൽ സ്ഥലമെടുപ്പ് വെല്ലുവിളിയാണ്. അതേസമയം പദ്ധതി പൂർത്തിയാൽ വെള്ളറടയിൽ നിന്ന് എളുപ്പത്തിൽ തലസ്ഥാന നഗരത്തിലെത്താം. തിരുവനന്തപുരം-കാട്ടാക്കട റോഡിലെ തിരക്കും കുറയും. തമിഴ്നാട്ടിലേക്കും എളുപ്പമെത്താനാകും.