
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ സന്ദീപിനെ കോൺഗ്രസിലെത്തിച്ച അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ, ഇടത്,ബി.ജെ.പി കക്ഷികളിൽ നിന്ന് കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് നേതൃത്വം നീക്കം തുടങ്ങി.
സി.പി.എമ്മിലും, സി.പി.ഐയിലും ഇടഞ്ഞ് നിൽക്കുന്ന ചിലരുമായി കോൺഗ്രസിലെ ചില നേതാക്കൾ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. മലബാർ പ്രദേശത്തെ ഒരു ഇടത് എം.എൽ.എയുമായും ചർച്ചകൾ നടന്നതായാണ് വിവരം. കോൺഗ്രസിലേക്കും യു.ഡി.എഫിൽ ഉൾപ്പെടുന്ന ഒരു ഘടകകക്ഷിയിലേക്കും അദ്ദേഹത്തെ സ്വാഗതം ചെയ്‌തെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. സന്ദീപിന് പിന്നാലെ ബി.ജെ.പിയിൽ നിന്നും കൂടുതൽ നേതാക്കൾ കോൺഗ്രസിലെത്തുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. മുതിർന്ന ബി.ജെ.പി നേതാവിനെ ചുറ്റിപ്പറ്റി ചർച്ചകൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്തെ 70 ശതമാനം തദ്ദേശ സ്ഥാപനങ്ങളും പിടിക്കണമെന്ന ലക്ഷ്യത്തിലാണ് യു.ഡി.എഫ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകൾ പിടിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറായിക്കഴിഞ്ഞു അതിന്റെ അടിസ്ഥാനത്തിൽ വാർഡുകളിൽ തുടർ യോഗങ്ങളും ബൂത്ത്തല പ്രവർത്തനങ്ങളും സജീവമാക്കും. തലസ്ഥാനമടക്കമുള്ള ബി.ജെ.പി ശക്തി കേന്ദ്രങ്ങളിൽ കടന്നു കയറി മുന്നേറണമെന്ന നിർദ്ദേശമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം താഴേത്തട്ടിലേക്ക് നൽകിയിട്ടുള്ളത്.