
കിളിമാനൂർ: തട്ടത്തുമലയിൽ ഓവർ ബ്രിഡ്ജ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന നാട്ടുകാർക്ക് നിരാശയാണ് മിച്ചംകിട്ടിയത്. തട്ടത്തുമല ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ രണ്ടരക്കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും നിർമ്മാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ട് ഒരു വർഷമായി. എന്നാൽ ഇതുവരെയും ഒരു കല്ലു പോലും ഇട്ടിട്ടില്ല. വർഷങ്ങൾക്കു മുമ്പ് പണി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരവേ സ്വകാര്യ ഭൂഉടമകൾ പദ്ധതിക്കെതിരെ തർക്കം ഉന്നയിച്ചതോടെ പണി നിലച്ചിരുന്നു. തുടർന്ന് വീണ്ടും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് മേൽപ്പാലം എന്ന ആശയം വീണ്ടും മുന്നോട്ടു കൊണ്ടുവന്നത്.
അറുതിയില്ലാതെ അപകടം
സംസ്ഥാന പാതയിൽ കിളിമാനൂരിനും നിലമേലിനും ഇടയിലുള്ള പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് നാലു റോഡുകൾ സന്ധിക്കുന്ന തട്ടത്തുമല. റോഡിന്റെ മറ്റു ഭാഗങ്ങൾ വച്ചു നോക്കുമ്പോൾ ഇവിടെ വീതി കൂടുതലുമാണ്. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറിതലം മുതൽ ഹയർസെക്കൻഡറി വരെ ആയിരത്തിനു മുകളിൽ വിദ്യാർത്ഥികളും പനപ്പാംകുന്ന് എൻജിനിയറിംഗ് കോളേജിലേക്ക് പോകുന്ന വിദ്യാർത്ഥികൾ, മദ്രസ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരടക്കം നൂറുകണക്കിന് ആളുകൾ ദിനംപ്രതി റോഡ് മുറിച്ച് കടക്കുമ്പോൾ അപകടങ്ങൾ വർദ്ധിക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് തുടർക്കഥയാണ്.
ഇനിയും തുടങ്ങാതെ പ്രവർത്തനം
റിട്ട.അദ്ധ്യാപിക റോഡ് മുറിച്ച് കടക്കവെ ബൈക്ക് തട്ടി മരണപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ജനുവരിയിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും അടിയന്തരയോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടുകയും മേൽപ്പാല നിർമ്മാണം ത്വരിതപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെ ഒരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല.
പൊതുവിൽ അപകടമേഖലയായ ഇവിടെ കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തരമായി മേൽപ്പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.