ddd

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രോത്സവത്തിൽ പാഴ്‌വവസ്തുക്കളിൽനിന്ന് കരകൗശല വസ്തുക്കളുണ്ടാക്കുന്ന വിഭാഗത്തിൽ ഒന്നാമതെത്തി ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അശ്വതി അനിൽ.

മീൻബോക്സും പ്ലൈവുഡും ഉപയോഗിച്ച് നിർമ്മിച്ച സോഫയും കസേരയും സൈക്കിൾ റിമ്മിൽ നിർമ്മിച്ച ഗാർഡൻ സ്റ്റാൻഡുമാണ് ഒന്നാംസ്ഥാനത്തിലേക്ക് എത്തിച്ചത്.

സൈക്കിൾ ചെയിനും ഗിയറും ഉപയോഗിച്ചുള്ള പെൻഡുലം മോഡൽ ക്ലോക്ക്, ഫാനിന്റെ ഗ്രില്ല് ഉപയോഗിച്ച് ഹാഗിംഗ് ലൈറ്റ്, ഫാനിന്റെ സ്റ്റാൻഡ് ഉപയോഗിച്ച് ടീപ്പോ, ചീനച്ചട്ടി ഉപയോഗിച്ച് വാഷ് ബേസിൻ, പന്ത് ഉപയോഗിച്ച് ആറ്റം മോഡൽ തുടങ്ങി പത്ത് ഉത്പന്നങ്ങളാണ് അശ്വതി നിർമ്മിച്ചത്. ഓരോന്നും വിപണിയിൽ ലഭിക്കുന്നവയെ വെല്ലുന്നവ.

ഒൻപതാം ക്ളാസ് മുതലാണ് അശ്വതി പാഴ്വസ്തുക്കളിൽ നിന്ന് ഉത്പന്നങ്ങൾ നിർമ്മിച്ചുതുടങ്ങിയത്. ആ വർഷവും സംസ്ഥാനതലത്തിൽ എ ഗ്രേഡും രണ്ടാംസ്ഥാനവും നേടിയിരുന്നു. ഒൻപതാം ക്ളാസിലെ ടീച്ചറായ സീനാമോളാണ് അശ്വതിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്.