
തിരുവനന്തപുരം: പ്രകൃതിയെ പാഠപുസ്തകമാക്കാനും കുട്ടികൾക്ക് വായനയുടെ വിസ്മയാനുഭവം പകരാനും പുസ്തകത്തണലൊരുക്കി കോട്ടൺഹിൽ സ്കൂൾ. പ്രകൃതിയോട് ചേർന്നിരുന്ന് വായനയും വരയും പുസ്തകചർച്ചകളും നടത്താൻ ഇടമൊരുക്കുകയാണ് ‘പുസ്തകത്തണലിന്റെ ലക്ഷ്യമെന്ന് പി.ടി.എ പ്രസിഡന്റ് ഡോ.അരുൺ മോഹൻ പറഞ്ഞു.
മ്യൂസിക് പാർക്കിലെ ആൽമരത്തണലിൽ സ്ഥാപിച്ച പുസ്തകക്കൂടിൽ പുസ്തകങ്ങൾക്കൊപ്പം ആനുകാലികങ്ങളും പത്രങ്ങളും ക്രയോണുകളും ലഭിക്കും. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകളും വരയ്ക്കുന്ന ചിത്രങ്ങളും കുട്ടികൾക്ക് പുസ്തകക്കൂടിൽ സൂക്ഷിക്കാം. മരത്തണലിലെ വായനയിൽ രക്ഷിതാക്കൾക്കും പങ്കുചേരാം. പുസ്തകങ്ങൾ നിക്ഷേപിക്കുകയുമാകാം. മുൻ പി.ടി.എ പ്രസിഡന്റ് ആർ.പി.പദ്മകുമാർ പുസ്തകങ്ങൾ സ്കൂളിന് കൈമാറി.പ്രിൻസിപ്പൽ വി.ഗ്രീഷ്മ,ഹെഡ്മിസ്ട്രസുമാരായ ജി.ഗീത,എസ്.അനിത,എസ്.എം.സി ചെയർമാൻ എം.എസ്.ബ്രിജിത് ലാൽ,ഷിബു ശിവറാം എന്നിവർ പങ്കെടുത്തു.