
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.ടി.ഡി.എഫ്.ഡി (കേരള ട്രാൻസ്‌പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ) നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ പറഞ്ഞു.
യു.ഡി.എഫ് ഭരണ കാലത്ത് അധികാരസ്ഥാനങ്ങളിലിരുന്നവരുടെ അനാവശ്യ ശുപാർശകളുടെ അടിസ്ഥാനത്തിൽ നൽകിയ വായ്പകളാണ് കെ.ടി.ഡി.എഫ്.സിയെ തകർക്കത്. തിരിച്ചടവ് ഉണ്ടാകുമെന്ന് ഉറപ്പിക്കാതെയും വേണ്ടത്ര ഈടില്ലാതെയുമൊക്കെ വായ്പ നൽകി. ചതുപ്പു നിലം ഈട് വച്ചുവരെ വായ്പ തരപ്പെടുത്തി. ബസിന് വായ്പ നൽകേണ്ട സ്ഥാപനം വില്ലയ്ക്ക് വായ്പ നൽകി. തിരുവനന്തപുരത്ത് ഫ്ലാറ്റ് നിർമ്മാണത്തിന് വായ്പ നൽകി. ആ ഫ്ലാറ്റ് നിർമ്മാണം പാതി വഴിയിൽ നിലച്ചു. പണം തിരിച്ചുപിടിക്കാൻ നിർവാഹമില്ലാതെയായി. ഇതിനൊക്കെ വഴിവച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വാടകയിനത്തിൽ കിട്ടേണ്ട തുക പോലും കെ.ടി.ഡി.എഫ്.സി പിരിച്ചെടുത്തിട്ടില്ല. സർക്കാർ സ്ഥാപനങ്ങൾ പോലും വാടക നൽകിയിട്ടില്ല. ചലച്ചിത്ര വികസന കോർപറേഷൻ 39 ലക്ഷവും ലോട്ടറി വകുപ്പ് 38 ലക്ഷം രൂപയും നൽകാനുണ്ട്. ഇതൊക്കെ പിരിച്ചെടുക്കാനുള്ള നടപടിയുണ്ടാകും. സ്ഥാപനത്തെ കരകയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.