accident

പാറശാല: പാറശാലയിൽ ഇന്നലെയുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം.ദേശീയപാതയിൽ കുറുങ്കുട്ടി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാവിലെ 5.30ന് നെയ്യാറ്റിൻകരയിൽ നിന്ന് വരികയായിരുന്ന മിനി ഗുഡ്സ് വാൻ നിയന്ത്രണം വിട്ട് റോഡിൽ ഒതുക്കി നിറുത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ പിന്നിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിനി ഗുഡ്സ് വാനിന്റെ ഡ്രൈവറും ചെങ്കവിള സ്വദേശിയുമായ മിഥുൻ (28), കിളിയും പളുകൽ സ്വദേശിയുമായ അനുരാഗ് (27) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 3ന് കുറുങ്കുട്ടി ജംഗ്‌ഷന് സമീപം നടന്ന മറ്റൊരപകടത്തിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ ഇടിച്ച് വഴിയാത്രക്കാരിയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൊല്ലങ്കോട് സ്വദേശി ജയയെ (50) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്‌കൂട്ടർ ഓടിച്ചിരുന്ന കുന്നത്തുകാൽ സ്വദേശി സുനിലിനെ പരിക്കുകളോടെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.