തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ ദുരിതത്തിലാക്കാൻ അപ്രായോഗിക നീക്കവുമായി ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്).ഒ.പി ടിക്കറ്റിന് എച്ച്.ഡി.എസ് മുഖേന 20രൂപ ഈടാക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇക്കാര്യം ഇന്നുചേരുന്ന എച്ച്.ഡി.എസ് യോഗത്തിൽ ചർച്ചചെയ്യാൻ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കമ്മിറ്റി ഇക്കാര്യം തീരുമാനിച്ചാൽ പൊതുസമൂഹത്തിൽ നിന്നുൾപ്പെടെ വ്യാപകമായ എതിർപ്പ് ഉയരുമെന്നതിൽ സംശയമില്ല.അതിനാൽ ഇത്തരത്തിലൊരു വർദ്ധനവിന് സർക്കാരിന്റെ അനുമതിയും വേണ്ടിവരും.നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യമായാണ് ഒ.പി ടിക്കറ്റ് നൽകുന്നത്. എന്നാൽ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കുന്നതിനാൽ മെഡിക്കൽ കോളേജിലും അത് ബാധകമാക്കി അതിലൂടെ വരുമാനം കണ്ടെത്തണമെന്നാണ് സമിതിയുടെ നിലപാട്. പരമാവധി അഞ്ചുരൂപയാണ് വിവിധ ആശുപത്രികളിലുള്ള ഒ.പി ടിക്കറ്റ് നിരക്ക്. എന്നാൽ അതെല്ലാം മറികടന്ന് 20രൂപ ഒ.പി ടിക്കറ്റിന് ഈടാക്കാനുള്ള നിർദ്ദേശം എങ്ങനെയുണ്ടായെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ടവർ പോലും ചോദിക്കുന്നത്. ഇത്തരത്തിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ തീരുമാനിച്ചാൽ പാവപ്പെട്ട രോഗികൾക്കുവേണ്ടി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് മുൻ അംഗം ജി.എസ്.ശ്രീകുമാർ പറഞ്ഞു. അനധികൃത നിയമത്തിലൂടെയും സർക്കാർ ഫണ്ടിൽ നിന്ന് ചെലവാക്കേണ്ട തുക ചെലവാക്കാതെ എച്ച്.ഡി.എസ് ഫണ്ടിൽ നിന്ന് ചെലവഴിച്ചും എച്ച്.ഡി.എസിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ജനങ്ങളുടെ മേൽ അമിതഭാരം കെട്ടിവയ്ക്കുന്നതെന്നും ശ്രീകുമാർ പറഞ്ഞു. മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്തിയിനത്തിലുള്ള കോടികളുടെ കുടിശിക ആശുപത്രി നൽകുന്നതിന് പകരം എച്ച്.ഡി.എസ് വഴി നൽകുന്നതിനുള്ള തീരുമാനവും യോഗത്തിന്റെ പരിഗണനയിലുണ്ട്.