തിരുവനന്തപുരം: ട്വന്റി, ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിന് പണം അനുവദിക്കാതെ വഴുതിമാറിയ സർക്കാർ ഒടുവിൽ കോടതി നടപടിക്ക് വഴങ്ങി. കിഴക്കമ്പലത്തെ മാളിയേക്കൽപ്പടി - പഴങ്ങനാട് റോഡ്, തൈക്കാവ് - ചൂരക്കോട് റോഡ് എന്നിവയുടെ നിർമ്മാണത്തിനാണ് കോടതിയെ പേടിച്ച് മൂന്ന് വർഷത്തിനുശേഷം സർക്കാർ ഇന്നലെ തുക അനുവദിച്ച് ഉത്തരവിറക്കിയത്.

2021-22വർഷം റോഡ് സംരക്ഷണ ഫണ്ടിൽ നിന്ന് പണം അനുവദിക്കാനായിരുന്നു ഭരണാനുമതി. എന്നാൽ, തുക നൽകിയില്ല.കിഴക്കമ്പലം പഞ്ചായത്ത് 2022ൽ കോടതിയെ സമീപിച്ചു.2023ൽ കോടതി തുക അനുവദിക്കാൻ വിധിച്ചു. കാലാഹരണപ്പെട്ട 2021-22ലെ റോഡ് സംരക്ഷണ ഫണ്ടിൽ നിന്നാണ് സർക്കാർ തുക അനുവദിച്ചത്. ഇത് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിച്ചതോടെ സർക്കാർ ഉത്തരവ് പിൻവലിച്ച് കിഴക്കമ്പലം പഞ്ചായത്തിലെ മെയിന്റനൻസ് ഫണ്ടിൽ നിന്ന് അനുവദിക്കാൻ ഉത്തരവിറക്കി. ഈ ഫണ്ടിലും പണമില്ല. സർക്കാരിനെതിരെ കോടതിയലഷ്യക്കേസുമായി പഞ്ചായത്ത് കോടതിയിലെത്തി.ഇതോടെയാണ് നടപ്പ് വർഷത്തെ റോഡ് സംരക്ഷണ ഫണ്ടിൽ നിന്ന് 1,58,24,775രൂപ ഇന്നലെ അനുവദിച്ചത്.