
തിരുവനന്തപുരം:സംസ്ഥാനത്ത് 1510 തദ്ദേശ വാർഡുകൾ പുതുതായി നിലവിൽ വരും. ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളും, മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളുമാണ് പുതുതായി രൂപീകരിക്കുന്നത്.
വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം ഇന്നലെ പുറപ്പെടുവിച്ചു.
2011 ലെ സെൻസസ് അടിസ്ഥാനമാക്കി വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചിരുന്നു. സ്ത്രീകൾക്കും പട്ടികജാതി, പട്ടികവർഗ്ഗവിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
വാർഡുകൾ പുനർനിർണയിക്കുന്നതിന് ആദ്യമായാണ് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചത്. ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പാണ് ഉപയോഗിച്ചത്.
ജില്ലാകളക്ടർമാർ നൽകിയ കരട് നിർദ്ദേശങ്ങളാണ് ഡീലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയത്.
ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മിഷൻ അംഗങ്ങളായ ഡോ.രത്തൻ.യു. ഖേൽക്കർ, കെ.ബിജു, എസ്. ഹരികിഷോർ, ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി എസ്.ജോസ്നമോൾ എന്നിവർ പങ്കെടുത്തു.
ഡിസംബർ മൂന്നുവരെ
ആക്ഷേപം സമർപ്പിക്കാം
ഡിസംബർ മൂന്ന് വരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.
വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം 695033 ഫോൺ:04712335030.
മൊത്തം വാർഡുകൾ 20999
(തദ്ദേശസ്ഥാപനം, നിലവിലെ വാർഡുകൾ, പുതിയ വാർഡുകൾ, ആകെ വാർഡുകൾ എന്ന ക്രമത്തിൽ)
ഗ്രാമപഞ്ചായത്ത്............ 15962........ 1375........ 17337
മുനിസിപ്പാലിറ്റി................ 3113...........128..........3241
കോർപ്പറേഷൻ.................... 414...............7........... 421
ആകെ................................. 19489......... 1510...... 20999
ഉപതിരഞ്ഞെടുപ്പ് : വേതനത്തോടെ അവധി
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും നവംബർ 20ന് എല്ലാ തൊഴിലുടമകളും വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ സഫ്നാ നസറുദ്ദീൻ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും ഐ.ടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള കാഷ്വൽ/ ദിവസവേതനക്കാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മിഷണർ അറിയിച്ചു.