
സമ്പത്തുണ്ടാക്കാൻ പഠിച്ച പലരേയും നമുക്കറിയാം. ഭൗതികമായി ഉയരാവുന്നതിന്റെ പല തലങ്ങളിലും അവർ എത്തിയിട്ടുമുണ്ട്. എന്നാൽ ധനസമ്പാദനത്തിനുള്ള തന്ത്രമറിയാവുന്ന അവരിൽ പലർക്കും എങ്ങനെ ജീവിക്കണമെന്ന് അറിയില്ല. കടപ്പാടുകൾ മറന്ന്, സമൂഹത്തിൽ നിന്ന് ഒഴിഞ്ഞുമാറി ഒറ്റപ്പെട്ടൊരു ജീവിതം നയിക്കാനാണ് ആ വിഭാഗത്തിന് താത്പര്യം. അതേസമയം, മനുഷ്യന് ഭൗതിക നേട്ടങ്ങൾ മാത്രം പോരെന്നു കരുതുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ സമുന്നത നേട്ടങ്ങൾക്കൊണ്ട് സമൂഹ മനസിൽ ഇടംനേടിയവരിൽ ഒരാളായിരുന്നു പ്രമുഖ വ്യവസായി ആയിരുന്ന ജി. രമേശൻ കോൺട്രാക്ടർ.
ജാതിസ്പർദ്ധയുടെ തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തെ കോട്ടയ്ക്കകത്ത് ഒരുകാലത്ത് അവർണ ജാതിക്കാർക്ക് പ്രവേശനം പോലുമില്ലായിരുന്നു. അവിടെ അവർണ വിഭാഗക്കാരനായൊരാൾ തന്റേതായൊരു സാമ്രാജ്യം തീർത്തു. ശ്രീപത്മനാഭന്റെ തിരുമുന്നിൽത്തന്നെ, തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയിൽനിന്ന് വിലയ്ക്കുവാങ്ങിയ രണ്ടേക്കർ ഭൂമിയിൽ വേണം തന്റെ വ്യവസായ സ്ഥാപനങ്ങളുടെയെല്ലാം ആസ്ഥാനമെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചത് വെറുതെയല്ല.
മനുഷ്യസഹജമായ കഴിവുകൾകൊണ്ട് ഏതു ഭാരിച്ച ഉത്തരവാദിത്വവും ഏറ്റെടുത്ത് വിജയപഥത്തിലെത്തിക്കാൻ രമേശൻ കോൺട്രാക്ടർക്ക് ഉണ്ടായിരുന്ന സാമർത്ഥ്യം സുവിദിതമാണ്. കഠിനാദ്ധ്വാനത്തിനുള്ള സന്നദ്ധത, പരിപക്വമായ ക്ഷമ, യോജ്യസമയത്ത് ഉചിതമായി പ്രവർത്തിക്കാനുള്ള കഴിവ്, വിനയാന്വിതമായ പെരുമാറ്റം.... ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കരാർ- വ്യവസായ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സാമുദായിക, സാമൂഹ്യ, സാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകി. കഷ്ടപ്പാടുകളെ മൂലധനമായും ആപത്തിൽ സഹായിച്ചവരെ വഴികാട്ടികളായും കരുതിപ്പോന്ന ആ ജീവിതം തികച്ചും ധന്യമായിരുന്നു.
അസന്തുലിതമായ സാമൂഹ്യവ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വളർന്ന ജി. രമേശൻ കോൺട്രാക്ടർ ശ്രീനാരായണ ദർശനം പൂർണമായും ഉൾക്കൊണ്ടു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായിരുന്ന അദ്ദേഹം വളരെക്കാലം ചെമ്പഴന്തി എസ്.എൻ കോളേജ് ആർ.ഡി.സി ചെയർമാനായും സേവനമനുഷ്ഠിച്ചു. സംസ്ഥാന സർക്കാർ രൂപീകരിച്ച മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റിയിലും അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രായോഗിക നിർദ്ദേശങ്ങൾ പലതും സർക്കാർ അംഗീകരിച്ചിരുന്നു. കേരള സർക്കാരിന്റെ ഫുഡ് കമ്മിറ്റി അംഗമെന്ന നിലയിലും അദ്ദേഹത്തിന്റെ സുദീർഘ സേവനം നിസ്തുലമായിരുന്നു.
1931 മാർച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റെ മകനായി ജനിച്ചു. ദേവകിയായിരുന്നു മാതാവ്. പ്രാഥമിക വിദ്യാഭ്യാസം ജഗതി സ്കൂളിൽ. തുടർന്ന് മദ്രാസ് മെട്രിക്കുലേഷൻ ജയിച്ചു. പിന്നീട് നിരന്തരമായ വായനയിലൂടെ കിട്ടാവുന്നത്ര അറിവ് നേടി. ക്ളേശിച്ചും എതിർപ്പുകളോട് എതിരിട്ടും വളർന്നതുകൊണ്ട് അദ്ദേഹത്തിന്റെ അപാരമായ ആത്മവിശ്വാസം എല്ലാ കാര്യങ്ങളിലും പ്രതിഫലിച്ചിരുന്നു. സ്വതേ ഗൗരവക്കാരനെങ്കിലും നല്ല സഹൃദയൻ കൂടിയായിരുന്നു രമേശൻ കോൺട്രാക്ടർ. വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമായ ഭാഗീരഥി രാമകൃഷ്ണൻ ദമ്പതികളുടെ മകൾ ഇന്ദിരാദേവിയാണ് ഭാര്യ. ഇവർക്ക് രണ്ട് പുത്രിമാരും രണ്ട് പുത്രന്മാരും.
ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം, 'രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്" എന്നാണ് അറിയപ്പെടുന്നത്. തലസ്ഥാന നഗരിയുടെയും പ്രാന്തപ്രദേശത്തിന്റെയും മുഖച്ഛായ മാറ്റുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇപ്പോൾ രാജധാനി ഗ്രൂപ്പിനു കീഴിലുള്ളത്. രമേശൻ കോൺട്രാക്ടറുടെ ഇളയ പുത്രനും പ്രമുഖ വ്യവസായിയുമായ ഡോ. ബിജു രമേശാണ് രാജധാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ.
(ലേഖകന്റെ ഫോൺ: 90487 71080)