
ഫണ്ട് ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്
വിതുര: കാൽനടയാത്രയും വാഹനയാത്രയും അസാദ്ധ്യമായ തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല - പരപ്പാറ റോഡ് ഗതാഗത യോഗ്യമാക്കാനായി ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. പരപ്പാറ, പുളിച്ചാമല വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തകർന്നിട്ട് വർഷങ്ങളേറയായി. സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന മേഖലയിലെ പ്രധാനറോഡ് കൂടിയാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം അനവധി അപകടങ്ങളാണിവിടെ നടന്നിട്ടുള്ളത്. മഴയായാൽ റോഡിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം നിറയും. പിന്നെ ഈ വഴി യാത്ര ചെയ്യാനും പറ്റില്ല. റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ റോഡ് സന്ദർശിക്കുകയും ഫണ്ട് അനുവദിക്കാൻ നടപടികൾ സ്വീകരിക്കുകയായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വാഗ്ദാനം മാത്രം ബാക്കി
തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർ വിജയിപ്പിച്ചാൽ റോഡ് ശരിയാക്കിത്തരാമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും കാര്യം കഴിഞ്ഞാൽ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാകും. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. എം.പി.ക്കും എം.എൽ.എക്കും ജില്ലാപഞ്ചായത്തിലും അനവധി തവണ നിവേദനങ്ങൾ നൽകി. സി.പി.എം പുളിച്ചാമല ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി നാഗരബിനു റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനും ജി.സ്റ്റീഫൻ എം.എൽ.എക്കും നിവേദനം നൽകിയിരുന്നു.
അനുവദിച്ച തുക ---36 ലക്ഷം
തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല - പരപ്പാറ റോഡ് ഗതാഗത യോഗ്യമാക്കാൻ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച ജി.സ്റ്റീഫൻ എം.എൽ.എക്ക് നന്ദി രേഖപ്പെടുത്തി.
തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്,
സി.പി.എം. പുളിച്ചാമല ബ്രാഞ്ച് സെക്രട്ടറി നാഗര ബിനു