varkala

വർക്കല: വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ഗതാഗതത്തിരക്കുള്ള പ്രധാന റോഡുകളിൽ പലയിടത്തും സീബ്രാ ലൈനുകൾ ഇല്ല. ജീവൻ പണയംവച്ചാണ് കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കേണ്ടത്.

തിരക്കേറിയ മൈതാനം ജംഗ്ഷനിൽ സീബ്രാ ലൈനുകൾ മാഞ്ഞിട്ട് വർഷങ്ങൾ പിന്നിടുന്നു. മൈതാനം- റെയിൽവേ സ്റ്റേഷൻ റോഡിൽ പെഡസ്ട്രിയൻ ക്രോസിംഗ് സൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.

പുനർവികസന പ്രവർത്തനങ്ങൾ നടക്കുന്ന വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷന് മുന്നിലും ഗതാഗത തിരക്കുണ്ടാകാറുണ്ട്. ഇവിടെ റോഡ് ക്രോസ് ചെയ്യാൻ കഴിയാതെവരുമ്പോൾ യാത്രക്കാർ വാഹനങ്ങൾ തടഞ്ഞുകൊണ്ട് മുറിച്ചു കടക്കുന്നത് പതിവാണ്. റോഡിന്റെ ഒരുഭാഗം ഓട്ടോറിക്ഷാ സ്റ്റാൻഡാണ്. മറുഭാഗം നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡും. റോഡിന്റെ ഇരുവശങ്ങളിലും ട്രെയിൻ യാത്രക്കാരുടെ ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നതോടെ കാൽനട യാത്രികർ വലയുകയാണ്.

ശ്രദ്ധയൊന്ന് പാളിയാൽ

അപകടം ഉറപ്പ്

വർക്കല പൊലീസ് സ്റ്റേഷൻ-അണ്ടർ പാസേജ് റോഡിലും പെഡസ്ട്രിയൻ ക്രോസിംഗ് ഇല്ല. റോഡിന്റെ ഇരുഭാഗത്തും വാഹന പാർക്കിംഗ് കൂടിയാകുമ്പോൾ വാഹനങ്ങൾക്ക് പോകുന്നതിനുള്ള റോഡിന്റെ വലിപ്പവും കുറയുന്നു.

ബാങ്കുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തുന്നവർ കാത്തു നിന്നാലും റോഡ് ക്രോസ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി തിരക്കേറിയ റോഡുകളിൽ സീബ്രാ ലൈനുകൾ കൂടിയേ തീരൂ എന്ന് വിവിധ സംഘടനകളും ആവശ്യപ്പെടുന്നു. ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സ്ഥിതിചെയ്യുന്ന പുത്തൻചന്ത ജംഗ്ഷനിലും സ്ഥിതി വിഭിന്നമല്ല. അഞ്ച് റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനാണ് പുത്തൻചന്ത. ജംഗ്ഷനിൽ ബസിറങ്ങി ആശുപത്രിയിലേക്ക് കടക്കാനും റോഡ് ക്രോസ് ചെയ്യാനുമൊക്കെ വൃദ്ധരും സ്ത്രീകളുമടക്കം ബുദ്ധിമുട്ടുകയാണ്.

ദിശാ ബോർഡുകൾ സ്ഥാപിക്കണം

പ്രശസ്ത വിനോദസഞ്ചാര, തീർത്ഥാടന മേഖലയായ വർക്കലയിൽ അന്യസംസ്ഥാനങ്ങളിലേതുൾപ്പെടെ ആയിരക്കണക്കിന് സഞ്ചാരികളും തീർത്ഥാടകരുമാണ് നിത്യേന എത്തുന്നത്. ഇവർക്കായി മറ്റ് ഭാഷകളിലും സ്ഥലങ്ങളുടെ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പ്രധാന ജംഗ്ഷനിലെത്തിയ ശേഷം പാപനാശം ബീച്ചിലേക്കും ശിവഗിരിയിലേക്കുമുള്ള വഴികൾ ചോദിക്കുന്ന സഞ്ചാരികൾ നിരവധിയാണ്. ഗൂഗിൾ മ്യാപ്പ് നോക്കി വഴി തെറ്റുന്ന യാത്രക്കാരുമുണ്ട്. കൃത്യമായ ദിശാ ബോർഡുകൾ മറ്റ് ഭാഷകളിൽ കൂടി സ്ഥാപിച്ചാൽ കൂടുതൽ സൗകര്യപ്രദമാകും.