
തിരുവനന്തപുരം: സാമൂഹിക സൗഹാർദ്ദത്തിനും സമാധാനത്തിനും വിഘ്നം തട്ടാതെയും പ്രദേശവാസികൾക്ക് യാതൊരു പ്രയാസവും സൃഷ്ടിക്കാതെയും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി. വഖഫ് ഭേദഗതിയെ മുനമ്പം വിഷയവുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ല. വഖഫിനെക്കുറിച്ച് ശരിയായ ധാരണ ഇല്ലാത്തവരാണ് ഇത്തരം വിഷയങ്ങൾ മറയാക്കി വിവാദമുണ്ടാക്കുന്നത്. മുനമ്പം പ്രശ്നവും വർഗീയവത്കരണവും എന്ന വിഷയത്തിൽ സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം സമരത്തെ വഴിതെറ്റിച്ചു കൊണ്ടുപോകാൻ ആരെയും അനുവദിക്കരുതെന്ന് ലത്തീൻ അതിരൂപത വികാർ ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. നിയമ ഭേദഗതിയുമായി ബന്ധപ്പെടുത്തി ചർച്ച മുന്നോട്ടുപോയാൽ പാവപ്പെട്ടവരുടെ കഞ്ഞിയിൽ പാറ്റ ഇടുന്നതിന് സമാനമായ സാഹചര്യമുണ്ടാകും. പ്രശ്നപരിഹാരത്തിന് അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാൻ കഴിയുമോ എന്നതിന്റെ പരീക്ഷണമാണ് മുനമ്പത്ത് നടക്കുന്നതെന്ന് സംവാദം ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ പ്രസിഡന്റ് അഡ്വ.തമ്പാൻ തോമസ് പറഞ്ഞു. മുനമ്പത്തേത് മുസ്ലിം- ക്രിസ്ത്യൻ സമരമല്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്നത്തിന് പരിഹാരം തേടിയുള്ള സമരമാണ്. മുനമ്പത്തിന്റെ പേരിൽ മുസ്ലിം- ക്രിസ്ത്യൻ വിഭജനമുണ്ടാക്കി ഭിന്നിപ്പിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്.
പാർട്ടി സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു അദ്ധ്യക്ഷനായി.