marine

തിരുവനന്തപുരം: ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്‌കാരങ്ങളിൽ സംസ്ഥാനത്തിന് നേട്ടം. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. കൊല്ലമാണ് മികച്ച മറൈൻ ജില്ല.

തീരദേശത്തെ സാമൂഹ്യവികസനത്തിന്റെ കാര്യത്തിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കാനും സർക്കാർ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് പുരസ്‌കാരങ്ങളെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കടൽ സമ്പത്തിന്റെ സംരക്ഷണം, സുസ്ഥിര വികസനം, മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെയും അവകാശ സംരക്ഷണവും പുരോഗതിയും മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം തുടങ്ങി വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് സമഗ്രമായ മാറ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിന് പ്രചോദനമാണ് ഈ പുരസ്‌കാരം. നേട്ടത്തിനായി കൂട്ടായ പരിശ്രമം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളി സംഘടനകളെയും മന്ത്രി അഭിനന്ദിച്ചു.