തിരുവനന്തപുരം: ഇന്ത്യയുടെ അഖണ്ഡതയ്ക്കും പുരോഗതിക്കും ജീവിതം സമർപ്പിച്ച ധീര വനിതയാണ് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി.

ഇന്ദിരാഭവനിൽ ഇന്ദിരാഗാന്ധിയുടെ ജന്മദിനച്ചടങ്ങിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയുടെ വികസനത്തിന് അടിത്തറപാകിയത് ഇന്ദിരയെന്ന ഭരണാധികാരി യുടെ നൈപുണ്യമാണ്. നിശ്ചയദാർഢ്യവും ആത്മധൈര്യവും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ദിരാഗാന്ധിയെ ഉരുക്കു വനിതയാക്കി. രാജ്യത്തിന്റെ അഭിമാനം അടിയറവ് വയ്ക്കാതെ ലോകശക്തികളെ പോലും വെല്ലുവിളിച്ച ഭരണാധികാരിയായിരുന്നു അവർ. സുവർണക്ഷേത്രത്തിലെ സൈനിക ഓപ്പറേഷന് ശേഷം സുരക്ഷ മുൻനിർത്തി അംഗരക്ഷകരിലെ ചിലരെ മാറ്റാമായിരുന്നെങ്കിലും അതിന് തയ്യാറാവാത്തതിന് നൽകിയ വിലയാണ് ഇന്ദിരയുടെ ജീവൻ. രാജ്യം കണ്ട മികച്ച ഭരണാധികാരികളിൽ ഒരാളാണ് ഇന്ദിരാഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി ജനുവരി നാല് മുതൽ സെപ്റ്റംബർ 30 വരെ മഞ്ചേശ്വരത്ത് നിന്ന് പാറശാല വരെ 140 മണ്ഡലങ്ങളിലൂടെ നടത്തുന്ന മഹിളാ സാഹസ് കേരളയാത്രയുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി.

യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കെ.പി.സി.സി ഭാരവാഹികളായ എൻ.ശക്തൻ, ജി.എസ്. ബാബു, ജി.സുബോധൻ, മരിയാപുരം ശ്രീകുമാർ, ജെബി മേത്തർ എം.പി, പാലോട് രവി, ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.