ko

കോവളം: തലസ്ഥാനത്ത് വാഴമുട്ടം ഗവ. ഹൈസ്കൂളിനോട് ചേർന്നുകിടക്കുന്ന 16.95 ഏക്കർ ഭൂമി കാടുകയറി നശിക്കുന്നു. ഇവിടെ ഇഴജന്തുക്കളുടെ താവളമായതോടെ പേടിയോടെയാണ് നാട്ടുകാർ വഴിനടക്കുന്നത്. 1969ലാണ് ഹാ‌ർബർ എൻജിനിയറിംഗ് വകുപ്പ് പ്രദേശം ഏറ്റെടുത്തത്. വിഴിഞ്ഞം ഉൾപ്പെടെ തിരയടിയുള്ള പ്രദേശത്ത് കല്ല് നിക്ഷേപിക്കുന്നതിനുള്ള പാറക്കല്ലിനായി വികസന

പ്രവർത്തനങ്ങൾ നടത്താനെന്ന വ്യാജേന ഇവിടുത്തെ ജനങ്ങളിൽ നിന്ന് 17.45 ഏക്കർ ഭൂമി ഏറ്റെടുത്തത്. ഇവിടെ താമസിച്ചിരുന്ന 20ഓളം കുടുംബങ്ങളെയും ഒഴിപ്പിച്ചു. 250 മീറ്റർ മാറി വീടുവയ്ക്കാൻ സ്ഥലവും കൊടുത്തു. എന്നാൽ ഏറ്റെടുത്ത ഭൂമിയിലെ കല്ല് മാറ്റിയതല്ലാതെ വികസനപ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. നിലവിൽ പ്രദേശം കാടുമൂടിക്കിടക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രദേശവാസിയായ പഴവിള ജയന്റെ ഭാര്യ വിനോദിനി ഉറക്കത്തിനിടയിൽ കരി മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കൊളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

 കാടുമൂടിക്കിടക്കുന്നത്............ 16.95 ഏക്കർ സ്ഥലം

 വാഗ്ദാനം ഇങ്ങനെ

പ്രദേശത്തുനിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് പകരമായി 5 സെന്റ് സ്ഥലം,​ 900 രൂപ,​ വികസനം വന്നുകഴിയുമ്പോൾ കുടുംബത്തിലെ ഒരു വ്യക്തിക്ക് ജോലി,​ പ്രദേശത്ത് അത്യാധുനിക പാർക്ക്, നേഴ്സറി സ്കൂൾ, പൊതു ശ്മശാനം, ലൈബ്രറി, കളിക്കളം, മിനി ആഡിറ്റോറിയം എന്നിവ നിർമ്മിച്ചു നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു. സ്ഥലവും പണവും നൽകി. എന്നാൽ വികസനം വന്നില്ല,​ ജോലി നൽകേണ്ടിയും വന്നില്ല.

 തിരിഞ്ഞുനോക്കാതെ...

2010 ൽ 10 ഏക്കർ ഭൂമി നിയുക്ത ഫിഷറീസ് അൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി ഫിഷറീസ് വകുപ്പിനും 6 ഏക്കർ 95 സെന്റ് ഭൂമി ലാറി ബേക്കർ ഇന്റർനാഷണൽ സ്കൂൾ ഒഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് കാമ്പസ് നിർമ്മിക്കുന്നതിനായി ഭവന നിർമ്മാണ വകുപ്പിനും കൈമാറി. ബാക്കി അര ഏക്കർ ഭൂമി വാഴമുട്ടം ഗവ. ഹൈസ്കൂളിനുവേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിനും വിട്ടുകൊടുത്തു. എന്നാൽ വാഴമുട്ടം സ്കൂളിന് നൽകിയ സ്ഥലത്തുമാത്രമാണ് കൃത്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ബാക്കിയുള്ള 16.95 ഏക്കർ സ്ഥലം കാടുമൂടിക്കിടക്കുകയാണ്.

 ആർക്കും വേണ്ടാതെ കെട്ടിടം

ഫിഷറീസ് വകുപ്പിന്റെ ഭൂമിയുടെ മദ്ധ്യഭാഗത്ത് വികസനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ നിർമ്മിച്ച മനോഹരമായ ഒരു ഓഫീസ് കെട്ടിടം ഉണ്ട്. അവിടെ ചെന്നെത്തുക ഇപ്പോൾ ദുഷ്കരമാണ്. രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെയും മോഷ്ടാക്കളുടെയും താവളമാണ് ഈ കെട്ടിടം.