plane

ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായിരുന്നു. അന്ന് ആദ്യമായി ഇന്ത്യയ്ക്കകത്ത് ഒരൊറ്റ ദിവസം വിമാനയാത്ര നടത്തിയവരുടെ സംഖ്യ അഞ്ചുലക്ഷം കവിഞ്ഞു. 3173 ഫ്ളൈറ്റുകളിലായി ഇത്രയും പേർ ഒരേ ദിവസം യാത്ര ചെയ്യുന്നത് ആദ്യമായാണ്. ഇതിനു മുമ്പുള്ള റെക്കാഡ് 4.90 ലക്ഷം യാത്രക്കാരാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അത്. യാത്രയ്ക്ക് കൂടുതൽപേർ വിമാനം തിരഞ്ഞെടുക്കാൻ അനുകൂല സാഹചര്യങ്ങൾ രാജ്യത്തൊട്ടാകെ ദൃശ്യമാണ്. വിവാഹ സീസൺ തുടങ്ങിയതും ഉത്സവാഘോഷങ്ങൾ ഒന്നൊന്നായി എത്തുന്നതും അനുകൂല ഘടകങ്ങളാണ്. വിമാനയാത്ര പ്രഭുക്കന്മാർക്കും ഉന്നത ഉദ്യോഗസ്ഥന്മാർക്കും മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജ്യം പുരോഗമിച്ചതിനൊപ്പം ആ സ്ഥിതി മാറി. ആകാശയാത്ര ആർക്കും കൈയെത്തിപ്പിടിക്കാവുന്ന അകലത്തിലാണിന്ന്.

വിമാന നിരക്കിനെക്കുറിച്ച് പരാതികളുണ്ടെങ്കിലും പണമല്ല,​ സമയലാഭവും സൗകര്യവുമാണ് ഇന്ന് അധികം പേരും നോക്കുന്നത്. കൊവിഡിനെത്തുടർന്ന് തളർന്നുപോയ വിമാനക്കമ്പനികൾ സാവധാനം വീണ്ടും തളിർക്കുന്നതിന്റെ സൂചനകളാണ് യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവ്. ഇതിന് അനുസൃതമായി കൂടുതൽ സർവീസുകളും വിമാനത്താവളങ്ങളിലെ സൗകര്യങ്ങളും മെച്ചപ്പെടേണ്ടതുണ്ട്. എല്ലാം സർക്കാരിനു കീഴിൽ വച്ചുകൊണ്ടിരിക്കാതെ വിമാനത്താവളങ്ങളും നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുനൽകുക എന്നതാണ് എൻ.ഡി.എ സർക്കാരിന്റെ നയം. അതിന് നല്ല ഫലവും കാണാനുണ്ട്. രാജ്യത്തെ പല പ്രമുഖ വിമാനത്താവളങ്ങളും ഇപ്പോൾ സ്വകാര്യ കമ്പനികളാണ് നടത്തിക്കൊണ്ടുപോകുന്നത്. ആഭ്യന്തര വിമാന യാത്രാരംഗത്ത് അധികം കമ്പനികൾ ഇല്ലെന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഒരു കുറവു തന്നെയാണ്. മത്സരമുണ്ടെങ്കിലേ നിരക്കിലും സൗകര്യങ്ങളുടെ കാര്യത്തിലും യാത്രക്കാർക്കനുകൂലമായ നടപടികൾ ഉണ്ടാവൂ.

പുതിയ റൂട്ടുകൾ തിരഞ്ഞെടുക്കുന്നതിലും നിലവിലുള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട്. രാജ്യത്തെ ചെറിയ പട്ടണങ്ങളെ വ്യോമമാർഗം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഉഡാൻ" സർവീസുകൾ ആരംഭിച്ചത്. എന്നാൽ പ്രതീക്ഷിച്ചതുപോലുള്ള മുന്നേറ്റം ഉണ്ടാക്കാൻ അതിനു കഴിഞ്ഞില്ല. രാജ്യത്ത് നിരവധി ചെറു പട്ടണങ്ങൾ ഇപ്പോഴും വ്യോമയാന ഭൂപടത്തിൽ ഉൾപ്പെടുന്നില്ല. അടുത്ത ഇരുപത് - ഇരുപത്തഞ്ചു വർഷത്തിനിടയിൽ രാജ്യത്ത് ഇരുനൂറു വിമാനത്താവളങ്ങൾ പുതുതായി നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 92,000 കോടി രൂപ ഇതിനു ചെലവു വരും. വലിയ വിമാനത്താവളങ്ങൾക്കൊപ്പം ഇടത്തരം വിമാനത്താവളങ്ങളും വരേണ്ടതുണ്ട്. അടുത്ത രണ്ടു പതിറ്റാണ്ടുകാലം വ്യോമയാനരംഗത്ത് വലിയൊരു കുതിച്ചുചാട്ടമാകും രാജ്യം കാണാൻ പോകുന്നത്. ഒരു ദിവസം അഞ്ചുലക്ഷം യാത്രക്കാർ എന്ന ഇപ്പോഴത്തെ റെക്കാഡ് കവച്ചുവയ്ക്കാൻ അധികനാൾ വേണ്ടിവരില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പുതിയ വിമാനത്താവളങ്ങൾ വരുന്നതിനെ എതിർത്തിരുന്ന കാലമുണ്ടായിരുന്നു. ഈ വിഷയത്തിൽ കേരളമായിരുന്നു മുന്നിൽ! കൊച്ചി വിമാനത്താവളത്തിന്റെ പണി തുടങ്ങിയപ്പോൾ ഉയർന്ന പ്രതിഷേധക്കൊടുങ്കാറ്റ് പലരും ഓർക്കുന്നുണ്ടാവും. നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിലും ചില കേന്ദ്രങ്ങളിൽ നിന്നുള്ള എതിർപ്പും പ്രതിഷേധവും അടങ്ങിയിട്ടില്ല. എതിർപ്പുകൾ മറികടന്നും പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഉറച്ച തീരുമാനവുമായി സർക്കാർ നിൽക്കുന്നതാണ് ഏക ആശ്വാസം. പുതിയൊരു വിമാനത്താവളം വന്നാൽ ആ പ്രദേശത്തിനും സംസ്ഥാനത്തിനു പൊതുവേയും ഉണ്ടാകുന്ന വളർച്ചയും പുരോഗതിയും തൊഴിൽ സാദ്ധ്യതയും വളരെ വലുതാണ്. വിമാന കമ്പനികളും വിമാനത്താവളങ്ങളും യാത്രക്കാരോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നവരായി ഇനിയും മാറേണ്ടതുണ്ട്. സമയനിഷ്ഠയിൽ കമ്പനികൾക്ക് അത്ര മെച്ചപ്പെട്ട ചരിത്രമല്ല ഉള്ളത്. അടുത്ത കാലത്തുണ്ടായ ബോംബ് ഭീഷണി പരമ്പര വിമാന കമ്പനികൾക്കു വലിയ ക്ഷീണമുണ്ടാക്കിയ സംഭവമാണ്. ഏതായാലും സർക്കാർ കർക്കശ നിലപാട് സ്വീകരിച്ചതുവഴി ആ ഭീഷണി ഇപ്പോൾ ഒഴിഞ്ഞ മട്ടാണ്.