
നേമം:നേമത്തെ നഗരസഭ കല്ല്യാണ മണ്ഡപത്തിനടുത്ത് മലിനജലം കെട്ടിക്കിടക്കുന്നതായി പരാതി.ഇതിനാൽ പ്രദേശത്ത് കടുത്ത ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാണ്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് നേമം നഗരസഭ കല്യാണമണ്ഡപം. മറ്റു മണ്ഡപങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനാൽ നിരവധി സാധാരണക്കാരാണ് ഈ മണ്ഡപത്തെ ആശ്രയിക്കുന്നത്.
മൂന്ന് വർഷം മുൻപ് നഗരസഭ സ്വകാര്യ വ്യക്തിക്ക് മണ്ഡപം ലീസിന് കൊടുത്തതോടെയാണ് ദുരിതവും ആരംഭിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. മലിനജലം പോകാൻ മതിയായ സംവിധാനമില്ലാത്തതും ഓടയില്ലാത്തതുമാണ് ദുർസ്ഥിതിക്ക് കാരണം. ഇതുസംബന്ധിച്ച് മന്ത്രി വി.ശിവൻകുട്ടി,നഗരസഭ നേമം സോണൽ ഓഫീസ്,വാർഡ് കൗൺസിലർ എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.പുറത്തേക്കൊഴുക്കുന്ന മലിനജലം വർഷങ്ങളായി തൊട്ടടുത്ത പറമ്പിൽ കെട്ടിനിന്ന് സമീപത്തെ പത്തോളം കിണറുകളിലെ വെള്ളം മലിനമാക്കി. ഒരു കിണർ പൂർണമായി മൂടേണ്ടി വന്നു. ഈ മണ്ഡപത്തിന് തൊട്ടുപിന്നിലാണ് നഗരസഭയുടെ ജനകീയ ആരോഗ്യകേന്ദ്രം. എത്രയുംവേഗം പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസവാടക - വിവാഹത്തിന് 18,000
വിവാഹ പാർട്ടികൾക്ക് - 15,000 രൂപ
പ്രശ്നങ്ങൾ
വിവാഹത്തിനെത്തുന്നവർക്കും നാട്ടുകാർക്കും സമീപത്ത് കെട്ടിനിൽക്കുന്ന മലിനജലത്തിന്റെ ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല
മലിനജലം ഒഴുകിപ്പോകാൻ ഓടയില്ല. ആകെയുള്ളത് ഒരു കുഴിയാണ്. വിവാഹദിവസങ്ങളിൽ മലിനജലം സംഭരിക്കാൻ ഇത് അപര്യാപ്തം.
കുളം നികത്തി നിർമ്മിച്ചതിനാൽ മഴക്കാലത്ത് ശക്തമായ ഊറ്റുണ്ടാകാറുണ്ട്.
വിവാഹ ദിവസങ്ങളിൽ പുറന്തള്ളുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കെട്ടി നിന്നുള്ള ദുർഗന്ധം വേറെയും
ആവശ്യങ്ങൾ
പഴയ മണ്ഡപത്തിന്റെ കെട്ടിടം പുതുക്കിപ്പണിയണം. കൂടുതൽ പേരെ ആശ്രയിക്കാൻ പറ്റും വിധം മണ്ഡപം പരിഷ്കരിക്കുക
തടിയിലെ സ്റ്റൂളും തകര മേശകൾക്കും പകരം ഫർണിച്ചറുകൾ ഉറപ്പാക്കുക
ഓട നിർമ്മിക്കുക
കല്യാണമണ്ഡപം സ്വകാര്യവ്യക്തി ലീസിനെടുത്ത് നടത്തുകയാണ്. നഗരസഭയ്ക്ക് അതിനാൽ ഒന്നും ചെയ്യാനാവില്ല. ഓട നിർമ്മിക്കാൻ നഗരസഭ തയാറാണ്.നിലവിൽ പ്രശ്നപരിഹാരത്തിന് മണ്ഡപം ലീസിനെടുത്തയാൾ വലിയ കുഴിയെടുക്കുകയും പരിസരത്ത് മണ്ഡപത്തിലെ മലിനജലമൊഴുക്കുന്നത് നിറുത്തുകയും വേണം.
ദീപിക.യു,നേമം വാർഡ് കൗൺസിലർ