ponnamkulam

പാറശാല: കരമന -കളിയിക്കാവിള ദേശീയപാതയോരത്തെ പരശുവയ്ക്കൽ ജംഗ്‌ഷനിലെ പൊന്നംകുളത്തെ തിരിഞ്ഞുനോക്കാതെ പഞ്ചായത്ത് അധികൃതർ. പ്രദേശത്തെ നാട്ടുകാർക്കും വഴിയാത്രക്കാർക്കും ഏറെ ആശ്രയമായിരുന്നു റോഡുവക്കിലെ പൊന്നംകുളം. പ്രദേശത്തെ ഏലാകളിലെ നൂറോളം കർഷകർക്ക് കൃഷിക്കും കന്നുകാലികളെ കുളിപ്പിക്കാനും കുളം ഉപകരിച്ചിരുന്നെങ്കിലും പത്ത് വർഷത്തോളമായി കുളം പുല്ല് നിറഞ്ഞ ചെളിക്കളമായിരിക്കുകയാണ്. സമീപത്തെ പൊന്നംകുളം ദേവീ ക്ഷേത്രത്തിന്റെ ആറാട്ട് നടത്തുന്നതിനോ ഭക്തർക്ക് കുളിക്കാനോ സാധിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ പത്ത് വർഷത്തിന് മുമ്പ് 20 ലക്ഷത്തോളം രൂപ ചെലവാക്കി നടത്തിയ പുനരുദ്ധാരണ പ്രവർത്തനമാണ് കുളത്തിന്റെ നാശത്തിന് കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു. കുളം ജനോപകാരപ്രദമാക്കണമെന്ന ആവശ്യവുമായി പലതവണ നാട്ടുകാർ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കൈയൊഴിയുകയാണ് പതിവെന്നും പരാതിയുണ്ട്. ഉടനെ തന്നെ കുളം നവീകരിക്കാൻ പഞ്ചായത്ത്‌ നടപടികൾ സ്വീകരിക്കാത്തപക്ഷം പ്രതിഷേധസൂചകമായി കുളത്തിൽ വാഴ നടാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

 പാളിയ പദ്ധതി

കരിങ്കല്ലു കൊണ്ട് സൈഡ്‌വാൾ നിർമ്മിച്ച് ബണ്ടുകൾ ബലപ്പെടുത്തി പുല്ല് നട്ടുവളർത്തുന്ന പദ്ധതിക്കായാണ് 20 ലക്ഷം രൂപ ചെലവാക്കിയത്. എന്നാൽ കുളത്തിലെ ചെളിയും പായലും മുഴുവൻ കോരിമാറ്റാതെ സൈഡ് വാൾ നിർമ്മിച്ചതുമൂലം കരകൾ ഇടിഞ്ഞു താഴ്ന്നു. തുടർന്നുണ്ടായ മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞതുമൂലം പണി പൂർത്തീകരിച്ചില്ല. വെള്ളം നിറഞ്ഞതോടൊപ്പം പായലും വളർന്നു. മാത്രമല്ല കൊതുക് വളർത്തൽ കേന്ദ്രമായി കുളം മാറിയതോടെ പകർച്ചവ്യാധികൾ പെരുകുമെന്ന ഭീതിയിലാണ് നാട്ടുകാർ.

 ആർക്കുംവേണ്ടാതെ

കുളത്തിൽ അടിഞ്ഞുകൂടി ചെളിയും പായലും നീക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ചുമതലപ്പെടുത്തിയത് മറ്റൊരു വീഴ്ചയായി.

കുളത്തിലിറങ്ങിയ മൂന്നുപേരുടെ ജീവൻ ചെളിയിലകപെട്ട് നഷ്ടമായതോടെ ആരുംതന്നെ കുളത്തിൽ ഇറങ്ങാതെയായി. നാട്ടുകാർ ഉപേക്ഷിച്ച കുളത്തെ അധികൃതർ പിന്നീട് തിരിഞ്ഞുനോക്കിയില്ല.

പ്രതികരണം: നാട്ടുകാർക്കും കർഷകർക്കും പ്രയോജനകരമായിരുന്ന പരശുവയ്ക്കൽ ജംഗ്‌ഷനിലെ പൊന്നംകുളം പുനഃരുദ്ധരിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം.

ഡോ.അഡ്വ.കെ.മോഹൻകുമാർ, പരശുവയ്ക്കൽ