വർക്കല: എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയനിലെ കെടാകുളം ശാഖാ മന്ദിരത്തിനു നേർക്ക് നടന്ന സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് ശാഖ അഡ്മിനിസ്ട്രേറ്ററും ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റുമായ ജി.തൃദീപ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ 10ന് വൈകിട്ട് 6 മണിയോടെ മദ്യപിച്ചെത്തിയ സംഘം ശാഖാ ജീവനക്കാരെ അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായാണ് പരാതി. ഗുരുമന്ദിരത്തിലെ പൂജകൾക്ക് തടസം നേരിടുംവിധം സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അനുവദിക്കാനാകില്ലെന്നും മതിയായ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അയിരൂർ പൊലീസിൽ പരാതി നല്കിയിട്ടുണ്ടെന്നും ജി.തൃദീപ് പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും എ.ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും വർക്കല എ.സി.പിക്കും ശാഖാ ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ശിവഗിരി യൂണിയൻ ആവശ്യപ്പെട്ടു. നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.