കഴക്കൂട്ടം മണ്ഡലത്തിൽ ആറെണ്ണം, വട്ടിയൂർക്കാവിൽ രണ്ടും നേമത്ത് ഒന്നും
എൽ.ഡി.എഫിനു വേണ്ടിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ ഒരു വാർഡ് കൂട്ടിച്ചേർക്കാനായി നിലവിലുള്ള 100 വാർഡുകളെയും അടിമുടി മാറ്റി. അതിർത്തികൾ മാറ്റി നിശ്ചയിച്ചതോടെ ഭൂരിഭാഗം വീടുകളും നിലവിലുള്ള വാർഡിൽ നിന്ന് മാറും. തൊട്ടടുത്തതോ പുതിയതായി രൂപീകരിക്കുന്ന വാർഡോ ആയി മാറും.
നിലവിലെ എട്ടുവാർഡുകളാണ് ഇല്ലാതായത്. ഇവയെ പിരിച്ചും കൂട്ടിച്ചേർത്തും പുതിയ ഒമ്പത് വാർഡുകൾ കൂടി വന്നു. ഇതോടെ രാഷ്ട്രീയപ്പോരും മുറുകുകയാണ്.
ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം വാർഡുകളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെന്നാണ് യു.ഡി.എഫ്,ബി.ജെ.പി നേതാക്കളുടെ ആരോപണം.എന്നാൽ മാനദണ്ഡപ്രകാരം നടത്തിയ വിഭജനത്തിൽ തങ്ങൾക്ക് സ്വാധീനമുള്ള വാർഡുകളുടെ രൂപം മാറിയെന്ന് എൽ.ഡി.എഫ് നേതാക്കളും പറയുന്നു. പുതിയതായി വന്ന ഒൻപത് വാർഡുകളിൽ ആറെണ്ണവും സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലാണ്. രണ്ടെണ്ണം വട്ടിയൂർക്കാവ് മണ്ഡലത്തിലും നേമത്ത് ഒരു വാർഡും പുതിയതായി വന്നു. തിരുവനന്തപുരം മണ്ഡലത്തിലെ ആറ് വാർഡുകളാണ് ഇല്ലാതായത്.വട്ടിയൂർക്കാവ്,കോവളം മണ്ഡലങ്ങളിൽ ഓരോന്നും ഇല്ലാതായി. വാർഡുകൾ നഷ്ടമായ തിരുവനന്തപുരം,കോവളം മണ്ഡലങ്ങളിൽ പുതിയ വാർഡുകളില്ലെന്നതും ശ്രദ്ധേയമാണ്.എല്ലാ വാർഡുകളുടെയും നമ്പരുകൾക്കും മാറ്റം വന്നിട്ടുണ്ട്. ഒന്നാം വാർഡ് കഴക്കൂട്ടവും 101-ാം വാർഡ് പള്ളിത്തുറയും തന്നെയാണ്. കരട് പട്ടികയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഡിസംബർ മൂന്നാണ് ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി.
വാർഡുകളുടെ നഷ്ടം !
ശ്രീവരാഹം,പെരുന്താന്നി,ബീമാപ്പള്ളി ഈസ്റ്റ്,ശംഖുംമുഖം,കുര്യാത്തി,മാണിക്യവിളാകം (തിരുവനന്തപുരം മണ്ഡലം)
പി.ടി.പി നഗർ (വട്ടിയൂർക്കാവ്),മുല്ലൂർ (കോവളം) എന്നിവയാണ് ഒഴിവാക്കിയ വാർഡുകൾ. ബി.ജെ.പി,യു.ഡി.എഫ് അംഗങ്ങൾ ജയിച്ചിരുന്ന വാർഡുകളാണ് ഭൂരിഭാഗവും. സി.പി.എം,സി.പി.ഐ,ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) എന്നിവരുടെ ഓരോ വാർഡുകളും ഇതിലുൾപ്പെടുന്നു.
യു.ഡി.എഫ് കോർപ്പറേഷൻ കക്ഷി നേതാവ് പി.പദ്മകുമാറിന്റെ സിറ്റിംഗ് വാർഡായ പെരുന്താന്നി,കോൺഗ്രസ് സ്ഥിരമായി ജയിക്കുന്ന മുല്ലൂർ എന്നിവ കോൺഗ്രസിന്റെ പ്രധാന നഷ്ടമാണ്. ബി.ജെ.പി നേതാവായ വി.ജി.ഗിരികുമാറിന്റെ പി.ടി.പി നഗർ,ബി.ജെ.പിക്ക് സ്വാധീനമുള്ള കുര്യാത്തി എന്നിവ ബി.ജെ.പിയുടെയും നഷ്ടമാണ്.
സി.പി.ഐയുടെ കൈവശമുണ്ടായിരുന്ന ശ്രീവരാഹം, ഇപ്പോൾ കോൺഗ്രസിന്റെ സിറ്റിംഗ് വാർഡാണെങ്കിലും സി.പി.ഐ സ്ഥിരമായി ജയിച്ചിരുന്ന ശംഖുംമുഖം, എന്നിവ സി.പി.ഐക്കും നഷ്ടമായി. ബീമാപള്ളി ഈസ്റ്റാണ് സി.പി.എമ്മിന് പോയത്. മാണിക്യവിളാകമാണ് ഐ.എൻ.എല്ലിന്റെ സിറ്റിംഗ് സീറ്റ്.
പോയ സിറ്റിംഗ് വാർഡുകൾ
കോൺഗ്രസ്................3
ബി.ജെ.പി.....................2
സി.പി.എം.....................1
സി.പി.ഐ....................1
ഐ.എൻ.എൽ...........1
പുതിയ വാർഡുകൾ !
കഴക്കൂട്ടം മണ്ഡലത്തിൽ കിഴക്കുംഭാഗം,ചേങ്കോട്ടുകോണം,കാര്യവട്ടം,കരിയം,അലത്തറ,കുഴിവിള എന്നീ വാർഡുകളാണ് പുതിയതായി രൂപീകരിച്ചത്. ഇതിൽ കുഴിവിള മുൻപുണ്ടായിരുന്ന വാർഡാണ്. വട്ടിയൂർക്കാവിൽ രാമപുരം, ഗൗരീശപട്ടം വാർഡുകളാണ് പുതിയവ. ഗൗരീശപട്ടം മുൻപ് ഉണ്ടായിരുന്നതാണ്. നേമം മണ്ഡലത്തിൽ കരുമമാണ് പുതിയതായി വന്നത്.