ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ സമ്പൂർണ ശുചിത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെളിയിട വിസർജ്യം നിരോധിച്ചിട്ടുള്ളതും, വെളിയിട വിസർജ്യ വിമുക്ത നഗരമെന്ന പ്രഖ്യാപനം നടത്തിയിട്ടുള്ളതുമാണ്. അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിലായി പൊതു ടോയ്ലെറ്റുകളും പ്രവർത്തിച്ചുവരുന്നുണ്ട്.
കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള ദ്രവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി സെപ്ടേജ് ശേഖരണ വാഹനത്തിന്റെ സേവനവും നഗരസഭയിൽ നിന്നും ലഭിക്കുന്നുണ്ട്. എന്നാൽ സാമൂഹ്യവിരുദ്ധർ രാത്രികാലങ്ങളിൽ ഇത്തരം മാലിന്യങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുറന്തള്ളുന്ന സംഭവങ്ങളുള്ളതിനാൽ ഇവരെ പിടികൂടാനായി സ്പെഷ്യൽ സ്ക്വാഡിനെ രൂപീകരിച്ചതായി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
പിടികൂടുന്നവർക്കെതിരെ 50000 രൂപ പിഴചുമത്തുകയും, ഇതിനുപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷനുൾപ്പെടെ റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. നിയമപരമായി സെപ്ടേജ് മാലിന്യം നീക്കുന്നതിനായി നഗരത്തിനകത്തും പുറത്തുള്ളവർക്കും 8089081316 ൽ ബന്ധപ്പെടാവുന്നതാണ്.