നെടുമങ്ങാട് : സ്വച്ഛ ഭാരത മിഷൻ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച് ഒ.ഡി.എഫ് പ്ലസ് പ്ലസ് റാങ്കിലേയ്ക്ക് അടുക്കുകയാണ് നെടുമങ്ങാട് നഗരസഭ. പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപവും വിസർജനവും തടയുന്നതിൽ സ്വീകരിച്ച മാതൃകാ നടപടികളാണ് പുതിയ നേട്ടത്തിന് വഴിയൊരുക്കിയത്. നിലവിൽ നഗരത്തിൽ മൂന്ന് 'ടേക്ക് എ ബ്രേക്ക് വഴിയിടങ്ങളും" ആറിടത്ത് പബ്ലിക് ടോയ്‌ലെറ്റുകളും രണ്ടു കമ്മ്യുണിറ്റി ടോയ്‌ലെറ്റുകളും ഒരുക്കിയിട്ടുണ്ട്. പൊതുസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ,പൊതുയിടങ്ങൾ എന്നിവിടങ്ങളിലും ടോയ്‌ലെറ്റ് സൗകര്യമുണ്ട്. ശുചിത്വമിഷൻ കാമ്പയിൻ ചലഞ്ചുമായി ബന്ധപ്പെട്ട് എല്ലാ ടോയ്‌ലെറ്റുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഖരദ്രവ സംസ്കരണ സംവിധാനങ്ങളും സജ്ജമാണ്. ഒ.ഡി.എഫ് പ്ലസിൽ നിന്നും പ്ലസ് പ്ലസിലേക്കുള്ള മുന്നേറ്റത്തിൽ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജയും സൂപ്രണ്ട് എസ്.സുനിൽകുമാറും അഭ്യർത്ഥിച്ചു.