തിരുവനന്തപുരം: കോർപ്പറേഷനിലെ എട്ടുവാർഡുകളെ വെട്ടിമുറിച്ച് 100 വാർഡുകളുടെ രൂപം അടിമുടിമാറ്റിയതിൽ മുന്നണികളെല്ലാം ഒരുപോലെ ആശങ്കയിലാണ്. സി.പി.എമ്മിനു വേണ്ടിയാണെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിക്കുമ്പോഴും പുതിയ മാറ്റം തങ്ങൾക്ക് എങ്ങനെ അനുകൂലമാകുമെന്ന ആശങ്ക മുതിർന്ന ഇടത് കൗൺസിലർമാർക്കുമുണ്ട്.
പരാതികളുമായി ഡീലിമിറ്റേഷൻ കമ്മിറ്റിയെ സമീപിക്കാൻ യു.ഡി.എഫും ബി.ജെ.പിയും തയ്യാറെടുക്കുമ്പോഴും മാറിവരുന്ന വാർഡുകളിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ആറ് വാർഡുകളെ വെട്ടിമുറിച്ചത് യു.ഡി.എഫിനും ബി.ജെ.പിക്കുമുള്ള സ്വാധീനമില്ലാതാക്കാനാണെന്നാണ് ഉയർന്നിട്ടുള്ള ആക്ഷേപം.
നഗരഹൃദയമായ കിഴക്കേകോട്ടയ്ക്ക് ചുറ്റുമുള്ള മൂന്ന് വാർഡുകൾ ഇല്ലാതായി.ഇതിൽ രണ്ടെണ്ണം തീരദേശ വാർഡുകളിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതാണ് എൽ.ഡി.എഫിന്റെ പദ്ധതിയായി ബി.ജെ.പിയും യു.ഡി.എഫും ആരോപിക്കുന്നത്.
യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പെരുന്താന്നി വാർഡിനെ വെള്ളക്കടവ്,ചാക്ക,പാൽക്കുളങ്ങര,ഫോർട്ട് എന്നീ വാർഡുകളിലേക്കാണ് കൂട്ടിച്ചേർത്തത്. സി.പി.ഐയുടെ സിറ്റിംഗ് വാർഡായ ശ്രീവരാഹത്തിന്റെ ഭാഗങ്ങൾ വള്ളക്കടവ്, മുട്ടത്തറ,മണക്കാട് വാർഡുകളിലേക്ക് മാറ്റി. ബി.ജെ.പിക്ക് അനുകൂലമായ കുര്യാത്തി വാർഡിന്റെ ഭാഗങ്ങൾ മണക്കാട്ടിലേക്കും ആറ്റുകാലിലേക്കും കൂട്ടിച്ചേർത്തു. ശംഖുംമുഖത്തെ വള്ളക്കടവ്,വെട്ടുകാട് വാർഡിലേക്കും കൂട്ടിച്ചേർത്തു.
പി.ടി.പി നഗറിന്റെ ഭാഗം വട്ടിയൂർക്കാവ്, തിരുമല, വലിയവിള വാർഡുകളിലേക്കാണ് മാറ്റിയത്. ഇതോടെ വട്ടിയൂർക്കാവ് അറപ്പുര ജംഗ്ഷൻ വരെയാണ് ഇനി തിരുമല വാർഡ്.
കോവളം മണ്ഡലത്തിലെ മുല്ലൂർ വാർഡിനെ വെങ്ങാനൂർ, കോട്ടപ്പുറം വാർഡുകളിലേക്ക് ലയിപ്പിച്ചപ്പോൾ ബീമാപ്പള്ളി ഈസ്റ്റും, മാണിക്യവിളാകവും സമീപത്തെ തീരദേശ വാർഡുകളുടെ ഭാഗമാക്കി.
മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയ വാർഡ് വിഭജനത്തിനെതിരെ ജനകീയ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഡീലിമിറ്റേഷൻ കമ്മീഷനും കളക്ടർക്കും പരാതി നൽകും. അംഗീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കും.
-പി.പത്മകുമാർ,യു.ഡി.എഫ്
പാർലമെന്ററി പാർട്ടി ലീഡർ
സി.പി.എമ്മുകാരുടെ രാഷ്ട്രീയ താത്പര്യത്തോടെയാണ് വിഭജനം നടത്തിയിട്ടുള്ളത്. ഒഴിവാക്കിയ വാർഡുകളുടെ അടിസ്ഥാന വികസനം ഉൾപ്പെടെ അവതാളത്തിലാകും. ബി.ജെ.പിയുടെ മുന്നേറ്റത്തെ ഇതിലൂടെ ചെറുക്കാനാകില്ല.
-വി.ജി.ഗിരികുമാർ
ബി.ജെ.പി കൗൺസിലർ
ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സി.പി.എമ്മിന്റെ സ്വാധീന വാർഡുകളും ഇല്ലാതായിട്ടുണ്ട്.വിഭജനം പരിശോധിക്കുന്നവർക്ക് ഇത് മനസിലാകും.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാത്രമേ യഥാർത്ഥ ചിത്രം വ്യക്തമാകൂ.
മേടയിൽ വിക്രമൻ,എൽ.ഡി.എഫ് കൗൺസിലർ