തിരുവനന്തപുരം: ഫ്ളൈഓവർ നിർമ്മാണം പുരോഗമിക്കുന്ന ഈഞ്ചയ്ക്കൽ ബൈപ്പാസ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വേണ്ടത്ര സിഗ്നലുകളും ഗതാഗത നിയന്ത്രണ ബോർഡുകളും കാണാനാവാത്തതിനാൽ നാല് വശത്തുനിന്നുള്ള വാഹനങ്ങളും ഇടകലർന്ന് കയറിവരും. ഇതോടെ കുരുക്ക് രൂക്ഷമാക്കും. ഈ കുരുക്കിൽ നിന്ന് അപ്പുറംകടക്കാൻ മണിക്കൂറുകളോളം വേണ്ടിവരും. കഴിഞ്ഞ ദിവസം ഈഞ്ചയ്ക്കൽ മുട്ടത്തറ റോഡ് മുന്നറിയിപ്പില്ലാതെ അടച്ചതോടെ മൂന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഫ്ളൈഓവറിനായി പൈലിംഗ് നടത്തിയ ഭാഗത്തെ മണ്ണിടിഞ്ഞതിനാൽ അടിയന്തരമായി കോവളത്തേക്കുള്ള റോഡിന്റെ ഒരു ഭാഗം അടച്ചു. ഇതുമൂലം വലിയ വണ്ടികൾ അടക്കമുള്ളവ സർവീസ് റോഡിൽ കുടുങ്ങി. ഇടറോഡുകളിൽ നിന്നുള്ള വാഹനങ്ങളും ഇതോടൊപ്പം സർവീസ് റോഡിലേക്ക് എത്തിയതോടെ കുരുക്ക് രൂക്ഷമായി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ഇവിടം കടക്കാനായത്.

 നിയന്ത്രണങ്ങളുണ്ട്, പക്ഷേ...

ഫ്ളൈഓവ‌ർ നിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കേകോട്ട, ശ്രീകണ്ഠേശ്വരം ഭാഗത്തേയും വള്ളക്കടവ്, വലിയതുറ ഭാഗത്തേയും വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കേകോട്ടയിൽ നിന്ന് വലിയതുറ, ബീമാപള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡിലൂടെ കല്ലുമ്മൂട് ഫ്ളൈഓവർ വഴി തിരിഞ്ഞ് ഈഞ്ചയ്ക്കൽ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിയണം. തിരിച്ചുള്ള വാഹനങ്ങൾ അനന്തപുരി ആശുപത്രിക്ക് മുന്നിലൂടെ തിരിയണം.

ഈ ഭാഗത്തുള്ള സർവീസ് റോ‌ഡുകൾ വൺവേയാക്കിയിട്ടുണ്ടെങ്കിലും നിയന്ത്രണം തെറ്റിച്ച് അങ്ങോട്ടുമിങ്ങോട്ടും കടക്കുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇടറോഡുകളിൽ നിന്നെത്തുന്ന വാഹനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കാറില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

കാണാമറയത്തെ അറിയിപ്പുകൾ

ഗതാഗത നിയന്ത്രണങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ബോർഡുകളും കാണാവുന്ന വിധത്തിൽ സ്ഥാപിച്ചിട്ടില്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്. സർവീസ് റോഡിലെ സിഗ്നൽ ബോർഡ് വളരെ ചെറുതാണ്. ഗതാഗതം വഴിതിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പുകൾ ബാരിക്കേഡിന് മുകളിലും അവിടവിടെയുമായി ശ്രദ്ധിക്കാത്ത തരത്തിൽ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. ചിലത് ഓടയിലേക്കും മറ്റും മറിഞ്ഞുവീണ നിലയിലും. ഡ്രൈവർമാരുടെ കാഴ്ചപരിധിയിൽപ്പെടുന്ന വിധത്തിലെങ്കിലും അറിയിപ്പുകളും സിഗ്നൽ ബോർഡുകളും സ്ഥാപിക്കാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.