d

തിരുവനന്തപുരം: ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ പേരിൽ വ്യാജ കാളിലൂടെ ഡിജിറ്റൽ അറസ്റ്റിന് ശ്രമിച്ച സംഘത്തെ വട്ടംകറക്കി അശ്വഘോഷ്.

പേരൂർക്കട സ്വദേശിയും സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയുമായ അശ്വഘോഷ് സൈന്ധവാണ് തട്ടിപ്പുകാരുടെ പ്ലാൻ മുഴുവൻ പൊളിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപരിചിതമായ നമ്പറിൽ നിന്ന് വന്ന കാളിൽ ടെലികോമിൽ നിന്നാണെന്ന് അറിയിച്ചപ്പോഴേ സൈബർ രംഗത്ത് പ്രവർത്തിക്കുന്ന അശ്വഘോഷിന് തട്ടിപ്പ് മനസിലായി. ഇതോടെ തിരിച്ച് പണി കൊടുക്കാൻ തീരുമാനിച്ചു. പേരും ആധാർനമ്പറും തട്ടിപ്പുകാർ ചോദിച്ചപ്പോൾ അശ്വഘോഷ് 'രാകേഷ്‌കുമാർ' എന്ന വ്യാജ പേരും വ്യാജ ആധാർനമ്പറും പറഞ്ഞു. ഇത് വെരിഫൈ ചെയ്ത തട്ടിപ്പുകാർ തങ്ങൾ വിളിച്ചത് 'രാകേ‌ഷ്‌കുമാറിനെ' തന്നെയെന്ന് സമ്മതിച്ചു. അശ്വഘോഷിന്റെ ഐഡി പ്രൂഫുകൾ ഉപയോഗിച്ച് ആരോ പുതിയ സിം എടുത്തിട്ടുണ്ടെന്നും സ്പാം കാളുകളും മെസേജുകളും പലർക്കും അയയ്ക്കുകയാണെന്നും തട്ടിപ്പുസംഘം അറിയിച്ചു. രണ്ടുദിവസത്തിനകം സിം ബ്ലോക്കാകുമെന്ന് മുന്നറിയിപ്പും നൽകി.ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് തട്ടിപ്പുകാർ സംസാരിച്ചത്. മുംബയ് സൈബർ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. രണ്ടുമണിക്കൂറിനുള്ളിൽ സൈബർ സെല്ലിൽ എത്തുകയോ ഡിജിറ്റൽ ചോദ്യം ചെയ്യലിന് ഹാജരാകുകയോ വേണമെന്ന് പറഞ്ഞു. ഇതോടെ വീഡിയോ കാൾ ഓണാക്കി അശ്വഘോഷ് റെഡിയായി.പൊലീസ് വേഷമണിഞ്ഞ ഉദ്യോഗസ്ഥൻ സ്ക്രീനിൽ വന്നു. പേരും വിവരങ്ങളും ചോദിച്ച് വിരട്ടി. രണ്ടുമണിക്കൂറിനൊടുവിൽ തൃശൂർ സൈബർ പൊലീസിനെ പറ്റിക്കാൻ ശ്രമിച്ച തട്ടിപ്പുകാരുടെ വാർത്ത അശ്വഘോഷ് കാണിച്ചുകൊടുത്തു. ഇതോടെ തട്ടിപ്പുകാർ മുങ്ങി.

മാസ് ഡയലോഗുകൾ

തട്ടിപ്പുകാരൻ അശ്വഘോഷിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അശ്വഘോഷിന്റെ അച്ഛൻ രാജേഷ് വീഡിയോയെടുത്തു .'യു നോ മണി ലോണ്ടറിംഗ്' എന്ന ചോദ്യത്തിന് 'ഐ നോ ഒൺലി ക്ലോത്ത് ലോണ്ടറിംഗ്' എന്നും ജോലി ചോദിച്ചപ്പോൾ ഗൂഗിൾ സി.ഇ.ഒയുടെ അസിസ്റ്റന്റാണെന്നും അശ്വഘോഷ് തട്ടിവിട്ടു. ജോലിയുടെ സ്വഭാവം ചോദിച്ചപ്പോൾ 'ഐ ഡു ഒപ്പിഡൽസ് ഒൺലി' എന്നായി അശ്വഘോഷിന്റെ മറുപടി.സംഭവം സൈബർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.