ശംഖുംമുഖം: വിദേശത്തേയ്ക്ക് പോകേണ്ട രണ്ട് എയർഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നും മസ്‌ക്കറ്റിലേക്കും ദോഹയിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് അവസാനനിമിഷം റദ്ദാക്കിയത്. കാമ്പിൻ ക്രൂ ഇല്ലെന്ന കാരണത്തിലാണ് വിമാനം റദ്ദാക്കിയത്. ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ച് നൽകാമെന്നും അല്ലെങ്കിൽ അടുത്തദിവസം ഇവരെ കൊച്ചിയിൽ നിന്നുള്ള വിമാനങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാമെന്നും എയർഇന്ത്യ അധികൃതർ അറിയിച്ചെങ്കിലും യാത്രക്കാർ പ്രതിഷേധിച്ചു. രാവിലെ 8ന് പുറപ്പെടേണ്ട മസ്‌ക്കറ്റും 10ന് പുറപ്പെടേണ്ട ദോഹ വിമാനവുമാണ് റദ്ദാക്കിയത്. യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തി കാത്തിരിക്കുകയായിരുന്നു. വിദേശത്ത് എത്തി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ട യാത്രക്കാരാണ് കൂടുതൽ വലഞ്ഞത്. എയർഇന്ത്യ ടിക്കറ്റ് നിരക്ക് യാത്രക്കാർക്ക് മടക്കികൊടുക്കുമെങ്കിലും വിദേശത്ത് നിന്നുള്ള കണക്ഷൻ ഫ്ലൈറ്റുകളിൽ ടിക്കറ്റ് എടുത്തവർക്ക് തുക നഷ്ടമാകും. ഈ വർഷം മാത്രം തിരുവനന്തപുരത്ത് നിന്ന് എയർ ഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് അറുപതിലധികം തവണയാണ്.ഇതിന് പുറമെ വിമാനങ്ങൾ റീഷെഡ്യൂൾ ചെയ്യപ്പെടുന്ന വിവരം എയർഇന്ത്യ അധികൃതർക്ക് നേരത്തെ തന്നെ അറിയാൻ കഴിയുമെങ്കിലും വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിക്കില്ല.