തിരുവനന്തപുരം: കോവളത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്ട് വില്ലേജിൽ 22 മുതൽ 24വരെ അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐ.ഐ.എം.എഫ്) മൂന്നാം പതിപ്പ് നടക്കും.6 രാജ്യങ്ങളിൽ നിന്നായി 17 അന്താരാഷ്ട്ര കലാകാരന്മാരുടെ നീണ്ടനിരയാണ് അണിനിരക്കുന്നത്.ആഭരണ,മൺപാത്ര നിർമ്മാണം,വുഡ് വർക്കിംഗ്,കളരിപ്പയറ്റ്,ബീച്ച് യോഗ,മെഡിറ്റേഷൻ എന്നിവ പരിശീലിക്കുന്നതിനായി ക്യാമ്പിംഗ് സൗകര്യങ്ങളും ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പര്യവേഷണം ചെയ്യുന്നതിനായി ഇൻഡി സംഗീതത്തിനും ശില്പശാലകൾക്കുമൊപ്പം വില്ലേജിലെ തത്സമയ കല, കരകൗശല പ്രദർശനവും പങ്കെടുക്കുന്നവർക്ക് ആസ്വദിക്കാനാകുമെന്ന് ക്രാഫ്ട് വില്ലേജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.യു.ശ്രീപ്രസാദ് പറഞ്ഞു.21 രാത്രി മുതൽ 25വരെ ക്രാഫ്ട് വില്ലേജ് ക്യാമ്പസിൽ ഓൺസൈറ്റ് ക്യാമ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.വേദിക്ക് സമീപം സജ്ജീകരിച്ചിരിക്കുന്ന ടെന്റുകളിലായിരിക്കും ക്യാമ്പിംഗ്.